ഇത്തിഹാദ് റെയിലിന്‍റെ ആദ്യ പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

2023 ഓടെ 900 കിലോമീറ്ററിലേക്ക് ചരക്ക് ഗതാഗതം വിപുലീകരിച്ചു
Etihad Rail s first passenger stations announced
ഇത്തിഹാദ് റെയിലിന്‍റെ ആദ്യ പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു
Updated on

ദുബായ്: യുഎഇയുടെ ദേശിയ റെയിൽ ലൈനായ ഇത്തിഹാദ് റെയിലിന്‍റെ ആദ്യ പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു. ആദ്യ സ്റ്റേഷൻ ഫുജൈറ എമിറേറ്റിലെ സക്കംകം എന്ന സ്ഥലത്തും രണ്ടാമത്തേത് ഷാർജ എമിറേറ്റിലെ യൂണിവേഴ്സിറ്റി സിറ്റിയിലുമാണ്. അബുദാബിയിൽ നടക്കുന്ന പ്രഥമ ഗ്ലോബൽ റെയിൽ കോൺഫ്രൻസിൽ ഇത്തിഹാദ് റെയിൽ പൊതു നയ-സുസ്ഥിരത വിഭാഗം ഡയറക്ടർ അദ്രാ അൽ മൻസൂരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നിലവിൽ ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന അതേ അടിസ്ഥാന സൗകര്യം ഉപയോഗിച്ചാണ് യാത്ര ട്രെയിനുകളും സർവീസ് നടത്തുന്നത്.200 കിലോ മീറ്ററായിരിക്കും കൂടിയ വേഗത. 2030 ഓടെ യാത്രക്കാരുടെ എണ്ണം 36 മില്യൺ ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. യാത്ര സർവീസ് തുടങ്ങുന്ന ദിവസം സംബന്ധിച്ച് ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്രാ അൽ മൻസൂരി പറഞ്ഞു.

ഇത്തിഹാദ് റെയിൽ

രാജ്യത്തെ 7 എമിറേറ്റുകളിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ നീളം 900 കിലോമീറ്ററാണ്. ഗുവൈഫത്ത് മുതൽ ഫുജൈറ വരെയായിരിക്കും യാത്ര സർവീസ്. 2016 ഇൽ 264 കിലോമീറ്റർ പാതയിലെ ചരക്ക് നീക്കത്തോടെയാണ് ഇത്തിഹാദ് റെയിൽ പ്രവർത്തനം തുടങ്ങിയത്.

ആദ്യഘട്ടത്തിൽ ഗ്രാന്യൂൾഡ് സൾഫറാണ് കൊണ്ടുപോയിരുന്നത്. 2023 ഓടെ 900 കിലോമീറ്ററിലേക്ക് ചരക്ക് ഗതാഗതം വിപുലീകരിച്ചു. 2030 ആകുമ്പോഴേക്കും ചരക്ക് നീക്കം 30 മില്യൺ ടൺ ആയി ഉയർത്തുമെന്ന് അവർ വ്യക്തമാക്കി. നിലവിൽ ചരക്ക് നീക്കം നടത്തുന്ന പാതയിൽ 11 ടെർമിനലുകൾ ഉണ്ട്. ഇതിൽ നാലെണ്ണം റുവൈസ്,ഖലീഫ,ജബൽ അലി,ഫുജൈറ എന്നീ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നവയാണ്.

ഇത്തിഹാദ് റെയ്‌ലിനെ സംബന്ധിച്ച് സുസ്ഥിരത വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്രാ അൽ മൻസൂരി പറഞ്ഞു.യു എ ഇ യുടെ ജൈവ വൈവിധ്യം കണക്കിലെടുത്ത് പരിസ്ഥിതി സൗഹൃദമായ നിർമാണ രീതിയാണ് അവലംബിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു.2050 ഓടെ കാർബൺ ഡൈഓക്സൈഡ് ബഹിർഗമനം 21 ശതമാനം കുറക്കാൻ സാധിക്കും.ഇതോടെ പുറന്തള്ളുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവിൽ പ്രതിവർഷം 8.2 മില്യൺ ടൺ കുറവുണ്ടാകും.

അയൽ രാജ്യങ്ങളിലേക്ക് റെയിൽ ലൈൻ നീട്ടുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ

ഇത്തിഹാദ് റെയിൽ പൂർണ തോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ റെയിൽ ലൈൻ ഒമാനിലേക്ക് നീളും. ഫുജൈറയിൽ നിന്ന് 300 കിലോ മീറ്റർ അകലെയുള്ള ഒമാനിലെ സൊഹാർ തുറമുഖവുമായി ബന്ധിപ്പിക്കാനാണ് പദ്ധതി. ഇതിനായി ഇത്തിഹാദും ഒമാനിലെ മുബദല കമ്പനിയുമായി ചേർന്ന് ഹഫീത്ത് എന്ന പേരിൽ സംയുക്ത കമ്പനി രൂപവൽക്കരിച്ചാണ് പ്രവർത്തനം നടത്തുന്നത്.ആദ്യ ഘട്ടത്തിൽ ചരക്ക് ഗതാഗതമായിരിക്കും നടത്തുന്നത്.ഭാവിയിൽ ഹഫീത്ത് വഴി യാത്ര സർവീസുകളും തുടങ്ങും.

ഗ്ലോബൽ റെയിൽ കോൺഫ്രൻസ്

അബുദാബിയിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഗ്ലോബൽ റെയിൽ കോൺഫ്രൻസിൽ മന്ത്രിമാർ,വ്യവസായ പ്രമുഖർ,പങ്കാളികൾ എന്നിവർ ഉൾപ്പെടെ 150 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.റെയിൽ ഗതാഗതത്തിന്റെ ഭാവിയാണ് പ്രധാന ചർച്ചാ വിഷയം. കോൺഫ്രൻസ് വേദിയിൽ അൽ ഇത്തിഹാദ് റെയിൽ ബോഗിയുടെ മാതൃക ഒരുക്കിയിട്ടുണ്ട്.ബോഗിയിലുള്ള ചാര നിറത്തിലുള്ള സീറ്റിൽ ഇത്തിഹാദ് ലോഗോയും പതിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.