5 വർഷത്തിനുള്ളിൽ അൽ മക്തും രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇത്തിഹാദ് റെയിൽ സർവീസ്; മെട്രൊ നീട്ടാനുള്ള പദ്ധതിക്കും അംഗീകാരം

റോഡ്, വ്യോമ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് ദുബായ് എയർപോർട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പോൾ ഗ്രിഫിത്സ് പറഞ്ഞു
Etihad Rail service to Al Maktoum International Airport within 5 years

5 വർഷത്തിനുള്ളിൽ അൽ മക്തും രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇത്തിഹാദ് റെയിൽ സർവീസ്; മെട്രൊ നീട്ടാനുള്ള പദ്ധതിക്കും അംഗീകാരം

Updated on: 

ദുബായ്: ദുബായ് അൽ മക്തും രാജ്യാന്തര വിമാനത്താവളത്തിലേക്ക് അടുത്ത അഞ്ച് വർഷത്തിനകം ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിക്കും. റോഡ്, വ്യോമ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് ദുബായ് എയർപോർട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പോൾ ഗ്രിഫിത്സ് പറഞ്ഞു.

വിമാനത്താവളത്തിലേക്കുള്ള ദുബായ് മെട്രൊ പാത നീട്ടുന്നതിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. 2031 ൽ മെട്രൊ സർവീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്.

ബിഗ് ഫൈവ് ഗ്ലോബൽ പരിപാടിയിൽ സംസാരിക്കവേയാണ് പോൾ ഗ്രിഫിത്സ് പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവച്ചത്. ഭാവിയിൽ യാത്രക്കാരുടെ വീടുകളിൽ നിന്ന് ബാഗേജുകൾ ശേഖരിക്കുകയും അവിടെത്തന്നെ തിരികെ എത്തിക്കുകയും ചെയ്യുന്ന തരത്തിൽ ഗതാഗത ശൃംഖലയെ ഏകോപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ലോകത്തെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായി മാറുന്ന അൽ മക്തും രാജ്യാന്തര വിമാനത്താവളത്തിന് പ്രതിവർഷം ഇരുപത്തിയാറ് കോടി യാത്രക്കാരെയും 1.2 കോടി ടൺ ചരക്കും കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാകും. പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ അഞ്ച് ഇരട്ടി വലുപ്പത്തിലാകും പുതിയ വിമാനത്താവളം നിലവിൽ വരിക.

വീടുകൾ, സ്കൂളുകൾ, മാളുകൾ തുടങ്ങിയവ ഉൾപ്പെടുത്തി ഒരു വലിയ നഗര മേഖല തന്നെ വിമാനത്താവളത്തിന് ചുറ്റുമായി വികസിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഈ വർഷം ഏഴ് കോടിയിലധികം യാത്രക്കാരെയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം പ്രതീക്ഷിക്കുന്നത്. ആദ്യ ഒൻപത് മാസങ്ങളിൽ 5.04 യാത്രക്കാരാണ് എത്തിയത്. രണ്ടായിരത്തി ഇരുപത്തിയേഴ് അവസാനത്തോടെ പ്രതിവർഷ യാത്രക്കാരുടെ എണ്ണം പത്ത് കോടി കടക്കുമെന്നാണ് വിലയിരുത്തൽ.