
ഇത്തിഹാദ് റെയിൽ: ആവേശമായി യുഎഇ പ്രധാന മന്ത്രി ഷെയ്ഖ് മുഹമ്മദിന്‍റെ ദുബായ് - ഫുജൈറ യാത്ര
ദുബായ്: യുഎഇയുടെ ദേശിയ റെയിൽവെ ലൈനായ ഇത്തിഹാദ് റെയ്‌ലിൽ അടുത്ത വർഷം മുതൽ പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങാനിരിക്കെ ദുബായിൽ നിന്ന് ഫുജൈറയിലേക്ക് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആവേശ യാത്ര. രാജ്യത്തിന്‍റെ പടിഞ്ഞാറുള്ള അൽ സില മുതൽ കിഴക്ക് ഭാഗത്തെ ഫുജൈറ വരെയുള്ള തന്‍റെ അവിസ്മരണീയ യാത്രയുടെ ഫോട്ടോകൾ അദ്ദേഹം എക്‌സിലെ പോസ്റ്റിൽ പങ്കുവെച്ചു.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകളുമായി രാജ്യത്തുടനീളമുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ പദ്ധതി യുഎഇയുടെ വളർച്ചയുടെ സുപ്രധാന ഘട്ടമാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇത്തിഹാദ് പാസഞ്ചർ സർവിസ് 2030 ഓടെ പ്രതിവർഷം 36 ദശലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷ.
തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദിന്‍റെ നേതൃത്വത്തിലുള്ള ഇത്തിഹാദ് ടീമിനെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു. പദ്ധതിയുടെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇത്തിഹാദ് റെയിൽ സംഘം ഷെയ്ഖ് മുഹമ്മദിന് വിശദീകരിച്ചു നൽകി.
2021ൽ '50 പദ്ധതികളുടെ' പ്രഖ്യാപനം മുതൽ സമ്പൂർണ ദേശീയ റെയിൽവേ ശൃംഖലയുടെ ഉദ്ഘാടനവും, 2023ൽ ചരക്ക് ട്രെയിൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും വരെയുള്ള വിവിധ ഘട്ടങ്ങളിലൂടെ ഞങ്ങളുടെ യാത്രക്ക് സാക്ഷ്യം വഹിച്ച് ഷെയ്ഖ് മുഹമ്മദ് ഞങ്ങളുടെ പ്രയാണത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു' -ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പറഞ്ഞു.
ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുന്ന നഗരങ്ങൾ
ഏഴ് എമിറേറ്റുകളിലുമായി 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച് ഏകദേശം 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ പാസഞ്ചർ ശൃംഖലയാണിത്. ദേശീയ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക, യാത്രാ സമയം ഗണ്യമായി കുറയ്ക്കുക, സുസ്ഥിര ഗതാഗതത്തിലേക്കുള്ള രാജ്യത്തിന്‍റെ മാറ്റത്തെ പിന്തുണയ്ക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇത്തിഹാദ് കടന്നു പോകുന്ന നഗരങ്ങൾ ഇവയാണ്:
1. അബുദാബി
2. ദുബായ്
3. ഷാർജ
4. റാസൽ ഖൈമ
5. ഫുജൈറ
6. അൽ ഐൻ
7. റുവൈസ്
8. അൽ മിർഫ
9. അൽ ദൈദ്
10. ഗുവൈഫാത് (സഊദി അറേബ്യയുടെ അതിർത്തിയോട് ചേർന്നുള്ളത്)
11. സൊഹാർ (ഒമാൻ, ഹഫീത് റെയിൽ പദ്ധതി വഴി)
സകംകമിലും ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിലും 2 പുതിയ സ്റ്റേഷനുകൾ
രണ്ട് സ്റ്റേഷനുകൾ അധികൃതർ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്ന് ഫുജൈറയിലെ സകംകമിലും, മറ്റൊന്ന്, ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിലുമാണ്.
പരിഗണനയിലുള്ള സ്റ്റേഷനുകൾ
ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷന് സമീപം ഉൾപ്പെടെ, കൂടുതൽ സ്റ്റേഷൻ സ്ഥലങ്ങൾ പരിഗണനയിലാണ്. അബുദാബിയിൽ മുസഫ ഇൻഡസ്ട്രിയൽ ഏരിയയ്ക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിലുള്ള പൈപ് ലൈൻ കോറിഡോറിലും (ദൽമ മാളിന് സമീപം), മുസഫ ബസ് സ്റ്റേഷന് സമീപവും (ഫീനിക്സ് ആശുപത്രിയോട് ചേർന്ന്) പുതിയ സ്റ്റേഷൻ സ്ഥാപിക്കുമെന്നാണ് കരുതുന്നത്.