
'ഇവി ഗ്രീൻ ചാർജർ' ദേവയും ഡിടിസിയും തമ്മിൽ കരാർ
ദുബായ്: ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ 'ഇവി ഗ്രീൻ ചാർജർ' സംരംഭത്തിന്‍റെ ഭാഗമായി ഡിടിസി ടാക്‌സി വ്യൂഹത്തിന് അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദേവ) ദുബായ് ടാക്‌സി കമ്പനിയും (ഡിടിസി) ദീർഘകാല കരാറിൽ ഒപ്പുവച്ചു.
ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന 27-ാമത് വാട്ടർ, എനർജി, ടെക്‌നോളജി ആൻഡ് എൻവയോൺമെന്‍റ് എക്‌സിബിഷനിലാ (വെറ്റെക്‌സ് 2025)ണ് കരാർ ഒപ്പിട്ടത്. ദേവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പങ്കെടുത്തു. ദേവയുടെ ബിസിനസ് ഡെവലപ്‌മെന്‍റ് ആൻഡ് എക്‌സലൻസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് വലീദ് ബിൻ സൽമാനും ദുബായ് ടാക്‌സി കമ്പനി സിഇഒ മൻസൂർ റഹ്മ അൽഫലാസിയും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.
കരാർ പ്രകാരം 208 അൾട്രാ-ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കുമെന്നും ഇത് ഡിടിസിയുടെ വാഹനങ്ങൾ പൂർണമായും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള പദ്ധതിക്ക് വലിയ പിന്തുണ നൽകുമെന്നും അൽ തായർ പറഞ്ഞു. ദേവയുടെ ഈ പങ്കാളിത്തം ദുബായ് ഗ്രീൻ മൊബിലിറ്റി സ്ട്രാറ്റജി 2030, ദുബായ് സോഷ്യൽ അജണ്ട 33, ദുബായ് നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായിലെ ടാക്‌സി മാർക്കറ്റിന്‍റെ 45% വിഹിതമുള്ള ഡിടിസി 2040-ഓടെ ടാക്‌സി, ലിമോസിൻ ഫ്ലീറ്റുകൾ 100% ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നതായി ചെയർമാൻ അബ്ദുൽ മുഷെൻ ഇബ്രാഹിം കൽബാത് പറഞ്ഞു. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്‍റെ ആദ്യഘട്ടം ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ഡിടിസി ഡിപ്പോയിലും മുഹൈസിന 4-ലെ ഡിടിസി ആസ്ഥാനത്തും നടപ്പാക്കും.
ഈ പുതിയ സംവിധാനം വഴി പ്രതിവർഷം 37,939 മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിടിസിയുടെ നിലവിലെ ചാർജിങ് യൂണിറ്റുകൾ കൂടി ചേരുമ്പോൾ മൊത്തം കാർബൺ ലാഭിക്കൽ 49,654 മെട്രിക് ടൺ ആയി ഉയരും. 2014-ൽ ആരംഭിച്ച ദേവയുടെ ഇവി ഗ്രീൻ ചാർജർ സംരംഭം വഴി നിലവിൽ 1,500-ൽ അധികം ചാർജിങ് പോയിന്‍റുകൾ ദുബായിൽ ഒരുക്കിയിട്ടുണ്ട്.