

ജെഇഇ-മെയിൻ പരീക്ഷയുടെ രണ്ടാം സെഷന് ദുബായിലും കുവൈത്തിലും പരീക്ഷ കേന്ദ്രങ്ങൾ
ദുബായ്: ഐഐടി ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ-മെയിൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ (സിബിടി) രണ്ടാം സെഷന് ദുബായിലും കുവൈത്തിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാവുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ബഹ്റൈനിൽ നിന്ന് അപേക്ഷിച്ചവരുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ഏപ്രിൽ രണ്ട് മുതൽ എട്ടുവരെയാണ് പരീക്ഷകൾ. ദുബായിലും കുവൈത്തിലും പരീക്ഷ എഴുതുന്നവർക്കുള്ള സിറ്റി ഇന്‍റിമേഷൻ സ്ലിപുകൾ വെബ്സൈറ്റിൽ പുറത്തിറക്കിയിട്ടുണ്ട്.
പരീക്ഷാർഥികൾക്ക് ഇത് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രങ്ങളിലെ മാറ്റത്തിനായി 011-40759000 എന്ന നമ്പറിൽ വിളിക്കുകയോ jeemain@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാമെന്നും എൻടിഎ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.