
ബഹുരാഷ്ട്ര ഓണാഘോഷം നടത്തി18 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ
ദുബായ്: യുഎഇ പൗരന്മാരും പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ഒത്തുചേർന്ന് ഓണം ആഘോഷിച്ചു. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കമ്പനിയായ ബ്ലൂ ഓഷ്യൻ കോർപറേഷന്‍റെ നേതൃത്വത്തിലാണ് ദുബായ് ഇന്ത്യാ ക്ലബ്ബിൽ ബഹുരാഷ്ട്ര ഓണാഘോഷം അരങ്ങേറിയത്. എമിറാത്തികൾ ഉൾപ്പെടെ 18ലധികം രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ അവരവരുടെ തനത് പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് ആഘോഷത്തിൽ പങ്കെടുത്തത്. 'ഒരോണം, ഒരാത്മാവ്, ഒരു കുടുംബം' എന്ന പ്രമേയത്തിലാണ് ബ്ലൂ ഓഷ്യന്റെ ഓണ വിരുന്ന് സംഘടിപ്പിച്ചത്.
യുഎഇയിലെ ഓണം കേരളീയരുടെ ആഘോഷം എന്നതിനപ്പുറം വളർന്നു. മലയാളി പ്രവാസികളോടൊപ്പം മറ്റു രാജ്യക്കാരും ഓണത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ബ്ലൂ ഓഷ്യനിൽ 18ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ജോലി ചെയ്യുന്നു.അവരെ ഓണാഘോഷ വേദിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്'' -ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ് സിഎഒ ഡോ. സത്യ മേനോൻ പറഞ്ഞു.
യുഎഇ, ഈജിപ്റ്റ്, അൾജീരിയ, കാനഡ, ഇന്ത്യ, സൗദി അറേബ്യ, ലെബനൻ, നേപ്പാൾ, ഫിലിപ്പീൻസ്, സുഡാൻ, സ്വീഡൻ, സിറിയ, ടുണീഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഓണാഘോഷത്തിൽ പങ്കെടുത്തു.
ഇത്തവണ ഓണാഘോഷം കൂടുതൽ വ്യക്തിപരമായിരുന്നെന്നും അതിനൊപ്പം സ്വന്തം സംസ്കാരവും ആഘോഷിക്കപ്പെടുന്നുന്നതിൽ അഭിമാനമുണ്ടെന്നും ഈജിപ്‌ത് സ്വദേശി ആദിൽ കെനാനി പറഞ്ഞു.
ഈ വർഷം കമ്പനി യുകെ, സൗദി അറേബ്യ, ഈജിപ്ത്, ഡൽഹി, ഹൈദരാബാദ്, പൂനെ, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസുകളിൽ ഓണം ആഘോഷിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അവരുടെ തനത് പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സംഗീതം, നൃത്തം, കല എന്നിവ പ്രദർശിപ്പിച്ചു കൊണ്ടാണ് ഓണാഘോഷം വേറിട്ടതാക്കിയതെന്ന് ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ് ചെയർമാൻ അബ്ദുൾ അസീസ് പറഞ്ഞു.