
ഷാർജ: ഷാർജ ഖോർഫക്കാനിലെ എക്സ്പോ സെന്‍ററിൽ കഴിഞ്ഞ വർഷം ഒമ്പത് ലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. പ്രദർശന വ്യവസായത്തിലെ മികച്ച വളർച്ചയാണിത് സൂചിപ്പിക്കുന്നത് എന്നും അധികൃതർ വ്യക്തമാക്കി.
സാംസ്കാരിക-പൈതൃക-വാണിജ്യ മേഖലകളിലെ 15ലധികം പ്രദർശനങ്ങളും പരിപാടികളും 2024ൽ എക്സ്പോ ഖോർഫക്കാൻ വിജയകരമായി സംഘടിപ്പിച്ചു. 2023നെ അപേക്ഷിച്ച് 30 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രദർശകരുടെ പങ്കാളിത്തവും ഗണ്യമായി വർധിച്ചു.
യുഎഇയിലുടനീളമുള്ള നിരവധി പ്രസാധക സ്ഥാപനങ്ങൾ ഇവിടെ എത്തി. പ്രമുഖ എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവരുടെ വൻ നിര തന്നെ സാന്നിധ്യമറിയിച്ചു.
2024 ജൂണിൽ എക്സ്‌പോ ഖോർഫക്കാൻ സംഘടിപ്പിച്ച ഫെസ്റ്റിവലിൽ സഊദി അറേബ്യ, ഒമാൻ തുടങ്ങിയ ജി.സി.സി രാജ്യങ്ങൾ പങ്കെടുത്തു. 10,000ത്തിലധികം സന്ദർശകർ എത്തുകയും ചെയ്തു.
ഈസ്റ്റേൺ ബ്രൈഡ് എക്സിബിഷൻ, ഗൾഫ് പെർഫ്യൂംസ് ആൻഡ് ഫാഷൻ എക്സിബിഷൻ, 2024ലെ ഈദ് അൽ അദ്ഹ വാർഷിക വ്യാപാര പരിപാടിയായ 'അൽ കാദി എക്സിബിഷൻ', റമദാൻ-ഈദ് പ്രിപ്പറേറ്ററി എക്സ്പോകൾ എന്നിവ ശ്രദ്ധേയമായ പരിപാടികളിൽ ഉൾപ്പെടുന്നു.
ഷാർജയുടെ കിഴക്കൻ മേഖലയിലെ സാമ്പത്തിക, സാമൂഹിക വികസനത്തിന് സഹായകരമായ നേട്ടങ്ങളാണിവയെന്ന് എക്‌സ്‌പോ ഖോർഫക്കാൻ ഡയറക്ടർ ഖലീൽ അൽ മൻസൂരി പറഞ്ഞു.
എക്‌സ്‌പോ ഖോർഫക്കാൻ അടുത്തിടെ പുറത്തിറക്കിയ ഇവന്‍റ് പോർട്ട്‌ഫോളിയോ ടൂറിസം, വ്യാപാര മേഖലകൾക്ക് അധിക പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദർശകർക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും, പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും, വിൽപന വർധിപ്പിക്കാനും അനുയോജ്യമായ ഒരു വേദിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.