

BB 80, BB 18, CC 44 തുടങ്ങിയ സൂപ്പർ 2-ഡിജിറ്റ് നമ്പറുകൾ പ്രധാന ആകർഷണം.
ദുബായ്: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 121-ാമത് നമ്പർ പ്ലേറ്റ് ഓപ്പൺ ലേലം ഒക്റ്റോബർ 24-ന് ദുബായ് ഹിൽട്ടൺ അൽ ഹബ്തൂർ സിറ്റി ഹോട്ടലിൽ നടക്കുമെന്ന് ആർടിഎ അറിയിച്ചു. ഈ ലേലത്തിൽ 2, 3, 4, 5 എന്നീ അക്കങ്ങളിലായുള്ള 60 വിശിഷ്ടമായ വാഹനാത്മക നമ്പർ പ്ലേറ്റുകൾ വിൽപ്പനയ്ക്ക് വയ്ക്കുന്നുണ്ട്.
ലേലത്തിനായുള്ള രജിസ്ട്രേഷൻ തുടങ്ങിയതായി അധികൃതർ വ്യക്തമാക്കി. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.rta.ae) വഴിയോ അല്ലെങ്കിൽ ഉമ്മു റമൂൽ, ദെയ്റ, അൽ ബർഷ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. AA, BB, CC, H, U, V, W, X, Y, Z എന്നീ കോഡുകളിലുള്ള നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ BB 80, BB 18, CC 44 തുടങ്ങിയ സൂപ്പർ 2-ഡിജിറ്റ് നമ്പറുകൾ ഈ ലേലത്തിലെ പ്രധാന ആകർഷണങ്ങളാണെന്ന് ആർടിഎ അറിയിച്ചു. ദുബായ് എമിറേറ്റിൽ ട്രാഫിക് ഫയൽ ഉള്ളവർക്ക് മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്. പങ്കെടുക്കുന്നവർ 25,000 ദിർഹത്തിന്റെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ചെക്കും, റീഫണ്ട് ചെയ്യാത്ത 120 ദിർഹം പങ്കാളിത്ത ഫീസും നൽകേണ്ടതാണ്.
നമ്പർ പ്ലേറ്റ് ലഭിക്കാത്തവരുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക തിരികെ നൽകുന്നതായിരിക്കും. ലേലത്തിൽ വിജയിക്കുന്നവർ, സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക നഷ്ടപ്പെടാതിരിക്കാൻ ലേല തീയതി മുതൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ തുക അടയ്ക്കേണ്ടതാണെന്നും, പ്ലേറ്റുകളുടെ വിൽപ്പനയ്ക്ക് 5 ശതമാനം മൂല്യവർദ്ധിത നികുതി ബാധകമാണെന്നും ആർടിഎ വ്യക്തമാക്കിയിട്ടുണ്ട്.