

അനുമതിയില്ലാതെ കുടുംബത്തിന്‍റെ ഫോട്ടോയെടുത്തു; 30,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി
അബുദാബി: അൽഐനിൽ കോഫി ഷോപ്പിൽ അനുമതിയില്ലാതെ കുടുംബത്തിന്‍റെ ഫോട്ടോയെടുത്ത സംഭവത്തിൽ 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അൽഐൻ സിവിൽ, കൊമേഴ്സ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി. കേസിൽ നേരത്തേ ക്രിമിനൽ കോടതി 10,000 ദിർഹം പിഴ ചുമത്തിയിരുന്നു.
സംഭവത്തിൽ 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്. പൊതുസ്ഥലത്ത് രഹസ്യമായി ഫോട്ടോ എടുക്കുന്നതിലൂടെ കുടുംബത്തിന്‍റെ സ്വകാര്യത ഹനിക്കുന്ന പ്രവൃത്തിയാണ് പ്രതിയിൽ നിന്നുണ്ടായതെന്ന് കുടുംബം ബോധിപ്പിച്ചിരുന്നു.
സ്മാർട്ട് ഫോൺ ഉപയോഗിച്ചാണ് പ്രതി കുടുംബത്തിന്‍റെ ഫോട്ടോ എടുത്തത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച ക്രിമിനൽ കോടതി 10,000 ദിർഹം പിഴ ചുമത്തുകയായിരുന്നു.