
സൈദ് ബത്തൽ അൽ സുബയിയെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആദരിക്കുന്നു.
ദമാം: ലുലു ഹൈപ്പർ മാർക്കറ്റിലെ ജോലിക്കിടയിൽ പഠിക്കാൻ സമയം കണ്ടെത്തി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ സൗദി സ്വദേശിയായ സൈദ് ബത്തൽ അൽ സുബയിയെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആദരിച്ചു.
17 വർഷമായി ലുലുവിലെ ജീവനക്കാരനാണ് സൈദ് ബത്തൽ. സെക്യൂരിറ്റി സൂപ്പർവൈസറായി ജോലിയിൽ പ്രവേശിച്ച സൈദ് ബത്തൽ അസിസ്റ്റന്‍റ് മാനേജർ പദവിയിലിരിക്കെയാണ് അൽ അഹസ, കിങ് ഫൈസൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബിഎ നേടിയത്. ദമാം ലുലു ഹൈപ്പർ മാർക്കറ്റിന്‍റെ ഉദ്ഘടന വേളയിലാണ് സൈദ് ബത്തലിനെ എം എ യുസുഫ് അലി പ്രത്യേകം അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തത്.
ഈ നേട്ടം മാതൃകാപരമാണെന്നും സൗദി സ്വദേശികൾക്ക് ഉൾപ്പടെ പ്രചോദനമാണെന്നും എം എ യുസുഫ് അലി വ്യക്തമാക്കി. ഒരു ജീവനക്കാരന് സ്ഥാപന ഉടമയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരങ്ങളിൽ ഒന്നാണിതെന്നും ജോലിക്കിടയിലും പഠനത്തിന് മികച്ച പിന്തുണയാണ് ലുലു ഗ്രൂപ്പ് നൽകിയതെന്നും അതിൽ നന്ദിയുണ്ടെന്നും സൈദ്ബത്തൽ പറഞ്ഞു.
ജോലി ചെയ്യുന്നവർക്കും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിൻറെ പദ്ധതി പ്രകാരമാണ് സൈദ് ബത്തലിന് പഠിക്കാൻ അവസരമൊരുക്കിയത്.