വനിതാ സൗഹൃദ ഫുട്ബാൾ പരമ്പര; അഫ്ഗാനിൽ നിന്നും അഭയാർഥി ടീം പങ്കെടുക്കും
വനിതാ സൗഹൃദ ഫുട്ബാൾ പരമ്പര; അഫ്ഗാനിൽ നിന്നും അഭയാർഥി ടീം പങ്കെടുക്കും
ദുബായ്: ലോക ഫുട്ബാളിൽ വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഫിഫ പ്രഖ്യാപിച്ച വനിത സൗഹൃദ ഫുട്ബാൾ പരമ്പരയിൽ അഫ്ഗാനിൽ നിന്നുള്ള അഭയാർഥി ടീം പങ്കെടുക്കും. ഒക്റ്റോബർ 23 മുതൽ 29 വരെ ദുബായിലാണ് മത്സരങ്ങൾ. ‘ഫിഫ യുനൈറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിൽ അഫ്ഗാൻ കൂടാതെ യുഎഇ, ഛാഡ്, ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വനിത ടീമുകളാണ് പങ്കെടുക്കുന്നത്.
ടൂർണമെന്‍റിൽ യുഎഇ, ഛാഢ്, ലിബിയ ദേശീയ ടീമുകളുമായി അഫ്ഗാൻ വനിത ടീം ഏറ്റുമുട്ടും. ഡച്ച് പരിശീലകയായ വെറ പോവുടെ കീഴിൽ പരിശീലനം നേടിയാണ് യുഎഇ ടീം ടൂർണമെന്‍റിനെത്തുന്നത്. ലോകമെമ്പാടുമുള്ള വനിത താരങ്ങളുടെ പ്രവേശനം ഉറപ്പാക്കുന്നതിനാണ് ഫിഫ മുൻഗണന നൽകുന്നതെന്ന് പ്രസിഡന്‍റ് ഗിയാനി ഇൻഫാന്‍റിനോ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
കായികരംഗത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഈ നീക്കം ഒരു പ്രധാന ഘടകമാണെന്നും ഫിഫ പ്രസിഡന്‍റ് പറഞ്ഞു. റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന മത്സരങ്ങൾ ഫിഫ രാജ്യാന്തര തലത്തിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.