
യുഎഇയിൽ തൊഴിലാളികളെ നിയമവിരുദ്ധമായി ജോലിക്കു നിയോഗിച്ചു: രണ്ട് പേർക്ക് ആറ് ലക്ഷം ദിർഹം പിഴ
ദുബായ്: പന്ത്രണ്ട് തൊഴിലാളികളെ നിയമവിരുദ്ധമായി ജോലിക്കെടുത്തതിന്‍റെ പേരിൽ രണ്ട് പേർക്ക് കോടതി ആറ് ലക്ഷം ദിർഹം പിഴ ചുമത്തി. ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
നിയമവിരുദ്ധമായി ജോലി ചെയ്ത 12 തൊഴിലാളികളെ 1,000 ദിർഹം പിഴ ചുമത്തുകയും നാടുകടത്തുകയും ചെയ്തു. റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്യാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) കഴിഞ്ഞ മാസം 4,771 സ്ഥാപനങ്ങളിൽ 252 പരിശോധനകളാണ് നടത്തിയത്.
പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്നതും ഒരു കമ്പനിയിൽ ജോലി ചെയ്യവേ മറ്റ് കമ്പനികളിൽ തൊഴിലെടുക്കുന്നതും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ നിയമലംഘകരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. കോടതി വിധികളുടെ അടിസ്ഥാനത്തിൽ, നിയമലംഘകർക്കും അവരെ ജോലിക്കെടുത്തവർക്കും പിഴ ചുമത്തി. ചിലരെ നാടുകടത്തുകയും ചെയ്തു.
നിയമവിരുദ്ധമായി ഒരു തൊഴിലാളിയെ ജോലിക്കെടുക്കുകയോ താമസിപ്പിക്കുകയോ ചെയ്താൽ 50,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജോലി നൽകാതെയും മറ്റ് കമ്പനികളിൽ ജോലി ചെയ്യാൻ അനുവദിക്കാതെയും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും. കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ ശിക്ഷകൾ ഇരട്ടിയാകും.
ജീവനക്കാരെ നിയമിക്കുമ്പോൾ റെസിഡൻസി നിയമം പാലിക്കണമെന്ന് മേജർ ജനറൽ അൽ ഖൈലി കമ്പനികളോടും വ്യക്തികളോടും അഭ്യർഥിച്ചു. ഡിസംബറിൽ നാല് മാസത്തെ വിസ പൊതുമാപ്പ് അവസാനിച്ചതിന് ശേഷം അതോറിറ്റി നടത്തിയ പരിശോധനകളിലാണ് നിരവധി നിയമലംഘകരെ പിടികൂടിയത്.