അനധികൃത ടെലിമാര്‍ക്കറ്റിങ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഇതുവരെ പിഴ ചുമത്തിയത് 8,55,000 ദിര്‍ഹം

ഒക്‌ടോബർ മാസം ആദ്യം ടെലിമാര്‍ക്കറ്റിങ്ങിനായി വ്യക്തിഗത നമ്പറുകള്‍ ഉപയോഗിച്ചതിന് 2000 പേര്‍ക്കെതിരെ അതോറിറ്റി നടപടി സ്വീകരിച്ചിരുന്നു
Violated restrictions on unauthorized telemarketing calls; A fine of Dh8,55,000 has been imposed so far
അനധികൃത ടെലിമാര്‍ക്കറ്റിങ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഇതുവരെ പിഴ ചുമത്തിയത് 8,55,000 ദിര്‍ഹം
Updated on

ദുബായ്: അനധികൃത ടെലിമാര്‍ക്കറ്റിങ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കർശനമായ നടപടികൾ തുടങ്ങി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ 8,55,000 ദിര്‍ഹം പിഴ ചുമത്തിയതായി ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ഒക്‌ടോബർ മാസം ആദ്യം ടെലിമാര്‍ക്കറ്റിങ്ങിനായി വ്യക്തിഗത നമ്പറുകള്‍ ഉപയോഗിച്ചതിന് 2000 പേര്‍ക്കെതിരെ അതോറിറ്റി നടപടി സ്വീകരിച്ചിരുന്നു. പിഴയും ടെലിമാര്‍ക്കറ്റിങ്ങിന് താത്ക്കാലിക വിലക്കുമാണ് ശിക്ഷ. കൂടാതെ ടെലിമാര്‍ക്കറ്റിങ്ങിന് ഉപയോഗിച്ച വ്യക്തിഗത ഫോണ്‍നമ്പറുകള്‍ റദ്ദാക്കുകയും ചെയ്തു. മാര്‍ക്കറ്റിങ് കോളുകള്‍ നിയന്ത്രിക്കുക, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ട് കഴിഞ്ഞ ഓഗസ്റ്റ് മാസത്തോടെയാണ് പുതിയ ടെലിമാര്‍ക്കറ്റിങ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായത്.

ഇത് പ്രകാരം വ്യക്തിഗത ലാന്‍ഡ് ലൈനോ മൊബൈല്‍ നമ്പറോ മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. നിയമലംഘകര്‍ക്ക് കുറ്റത്തിന്‍റെ സ്വഭാവമനുസരിച്ച് 10,000 ദിര്‍ഹം മുതല്‍ ഒന്നര ലക്ഷം ദിര്‍ഹം വരെ പിഴയാണ് ശിക്ഷ. നിയമപ്രകാരം കമ്പനികള്‍ അവരവരുടെ ഉത്പ്പന്നങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നതിന് നിശ്ചിതസമയം പാലിക്കണം. രാവിലെ ഒമ്പതിനും വൈകീട്ട് ആറ് മണിക്കും ഇടയില്‍ മാത്രമേ വിളിക്കാവൂ. മറ്റ് സമയങ്ങളില്‍ ടെലി മാര്‍ക്കറ്റിങ് കോളുകള്‍ പാടില്ലെന്നാണ് നിയമം. മാത്രമല്ല ഇത്തരം കോളുകളില്‍ നിര്‍ബന്ധിത വില്‍പ്പന തന്ത്രങ്ങളെല്ലാം ഒഴിവാക്കണം.

ഉപയോക്താവിനെ സമ്മര്‍ദ്ദത്തിലാക്കാനോ തെറ്റിദ്ധരിപ്പിക്കാനോ പാടില്ല. ഒരു ദിവസത്തില്‍ ഒന്നിലേറെ തവണയോ ആഴ്ചയില്‍ രണ്ടിലേറെയോ തവണയോ ഒരാളെ വിളിക്കരുത്. ആദ്യവിളിയില്‍ തന്നെ ഉത്പ്പന്നമോ സേവനമോ വേണ്ടെന്ന് ഒരാള്‍ പറഞ്ഞാല്‍ പിന്നീട് അവരെ വിളിക്കരുത്. ലൈസന്‍സ് എടുക്കാതെ ടെലി മാര്‍ക്കറ്റിങ് നടത്തിയാല്‍ 75,000 ദിര്‍ഹമാണ് പിഴ. 'ഡു നോട്ട് കോള്‍' എന്ന് രജിസ്റ്റര്‍ ചെയ്തവരെ വിളിച്ചാല്‍ ഒന്നര ലക്ഷമാണ് പിഴ ചുമത്തുക.

ഇതിനുപുറമെ നിയമലംഘകരുടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായോ ഭാഗികമായോ റദ്ദാക്കും. നിയമലംഘനത്തിന്‍റെ ഗൗരവം അനുസരിച്ച് യുഎഇയില്‍ ഒരു വര്‍ഷം വരെ ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ വിലക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. തെറ്റിദ്ധാരണ പരത്തി ഉത്പ്പന്നങ്ങള്‍ വിറ്റഴിച്ചാല്‍ 75,000 ദിര്‍ഹം വരെയാണ് പിഴ.

ഉത്പ്പന്നങ്ങളോ സേവനങ്ങളോ ഫോണ്‍ വഴി വിറ്റഴിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഫ്രീസോണിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം നിയമം ബാധകമാണ്. എസ്എംഎസ്, ഫോണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ടെലിമാര്‍ക്കറ്റിങ് ചെയ്യുന്ന കമ്പനികളെല്ലാം നിയമത്തിന്‍റെ പരിധിയില്‍വരും. ഡിജിറ്റല്‍ ഗവണ്‍മെന്‍റ് അതോറിറ്റി, യുഎഇ സെന്‍ട്രല്‍ ബാങ്ക്, സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിറ്റി, പ്രാദേശിക ലൈസന്‍സിങ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് നടപടികളെടുക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com