
ഇന്ത്യക്ക് പുറത്തെ ആദ്യ സന്ദർശനം യുഎഇ യിലേക്ക്: വിഎസ് സ്മരണയിൽ പ്രവാസലോകം
ദുബായ്: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ അനിഷേധ്യ നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ ദീപ്ത സ്മരണകളിലാണ് യുഎഇ യിലെ പ്രവാസി മലയാളികൾ. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം പോളിറ്റ് ബ്യൂറോ അംഗം, പാർട്ടി സംസ്ഥാന സെക്രട്ടറി തുടങ്ങി സർക്കാരിലും പാർട്ടിയിലും ഉന്നത പദവികൾ വഹിച്ച വിഎസ് ഇന്ത്യക്ക് പുറത്ത് ആദ്യമായി സന്ദർശനം നടത്തിയത് യുഎഇ യിലേക്കായിരുന്നുവെന്നതിനെ അഭിമാനത്തോടെയാണ് യുഎഇ മലയാളികൾ ഓർമ്മിക്കുന്നത്.
ലാളിത്യവും സ്നേഹവും കൊണ്ട് സഖാക്കളുടെയും സഹകാരികളുടെയും സാധാരണക്കാരുടെയും മനസും ഹൃദയവും നിറച്ചാണ് വിഎസ് മടങ്ങിയത്. 1996 അവസാനമാണ് വിഎസ് ആദ്യമായി യുഎഇ സന്ദർശിക്കുന്നത്. അന്ന് സിപിഎം സഹയാത്രികരുടെ കൂട്ടായ്മയായ 'ദല'യുടെ പ്രവർത്തകരുടെ കൂടെ അബുദാബി, ദുബായ്, ഷാർജ, ഉമ്മൽ ഖുവൈൻ തുടങ്ങിയ എമിറേറ്റുകളിൽ നടത്തിയ സന്ദർശനം മനസിൽ നിറഞ്ഞുനിൽക്കുന്നതായി അന്ന് ദലയുടെ സെക്രട്ടറിയായിരുന്ന മോഹൻ മൊറാഴ ഓർത്തെടുക്കുന്നു.
ആ സന്ദർശന വേളയിൽ 11 ദിവസത്തോളം വിഎസ് യുഎഎയിൽ താമസിച്ചു. അന്ന് എൽഡിഎഫ് കൺവീനറായിരുന്നു അദ്ദേഹം. ദല പ്രവർത്തകനായിരുന്ന ബാബുവിന്‍റെ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. പുറമെ കാർക്കശ്യ മനോഭാവം കാണിച്ചിരുന്നെങ്കിലും അകമേ സരസനും സ്നേഹ സമ്പന്നനുമായിരുന്നു വിഎസെന്ന് സഖാക്കൾ മനസിലാക്കിയ 11 ദിനരാത്രങ്ങൾ.
അക്കാലത്തെ രസകരമായ ഒരു അനുഭവം ഓർത്തെടുക്കുന്നു മോഹൻ മൊറാഴ
'അന്ന് ജുമേറ ഹോട്ടൽ കാണാൻ പോയി. നല്ല തണുപ്പ് സമയമായിരുന്നത് കൊണ്ട് പുതപ്പ് പുതച്ചിരുന്നു. വെള്ളമുണ്ടും ജുബ്ബയും ഒപ്പം പുതപ്പും കൂടിയായപ്പോൾ സെക്യൂരിറ്റിക്കാരൻ "ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ... ഞാൻ ടിവിയിൽ ഒക്കെ കണ്ടിട്ടുണ്ട്" എന്ന് പറഞ്ഞു. ഉടൻ "ഞാൻ അച്ചുതാനന്ദ സ്വാമികൾ ആണെ"ന്ന വിഎസിന്‍റെ പ്രതികരണം വന്നു. കൂടെ ഉണ്ടായിരുന്നവർ പൊട്ടിച്ചിരിച്ചു, ഒപ്പം വിഎസിന്‍റെ അപൂർവമായ നിറചിരിയും.'
യുഎഇ പോലെയുള്ള വികസിതമായ രാജ്യം സന്ദർശിക്കുമ്പോഴും സാധാരണക്കാരെ കാണാനും അവരോട് സംസാരിക്കാനുമാണ് അദ്ദേഹം താത്പര്യം കാണിച്ചിരുന്നത്. അങ്ങനെ ചെയ്യാനേ വിഎസിന് സാധിക്കൂ, പാവങ്ങളോട് പക്ഷം ചേരുക എന്നത് അദ്ദേഹത്തിന് സൈദ്ധാന്തികമായ ഒരു തത്വം മാത്രമായിരുന്നില്ല തന്‍റെ ജീവിതത്തിന്‍റെ ഏറ്റവും നൈസർഗികമായ ഒരു ശീലവും രീതിയുമായിരുന്നു.