
നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം: മത്സ്യത്തൊഴിലാളികൾ പിടിയിൽ
അബുദാബി: അബുദാബിയിൽ നിരോധിത നൈലോൺ വലകൾ ഉപയോഗിച്ചതിൽ മത്സ്യത്തൊഴിലാളികളെ പിടികൂടി. പരിസ്ഥിതി നിയമം ലംഘിച്ചതിനാണ് അബുദാബി പരിസ്ഥിതി ഏജൻസി ഇവർക്കെതിരെ നടപടിയെടുത്തത്. പ്രാദേശിക നിയമപ്രകാരം നിരോധിച്ചിരിക്കുന്ന നൈലോൺ വലകളുടെ ഉപയോഗം സമുദ്രജീവികൾക്ക് കടുത്ത ഭീഷണി ഉയർത്തുമെന്ന് ഏജൻസി വ്യക്തമാക്കി.
അത്തരം ഉപകരണങ്ങളുടെ തുടർച്ചയായ ഉപയോഗം മത്സ്യസമ്പത്തിനെയും സമുദ്ര ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. യുഎഇ നിയമപ്രകാരം, ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കുറഞ്ഞത് 3 മാസം തടവോ 25,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴയോ രണ്ടും ചേർന്നോ ശിക്ഷ ലഭിക്കും.
നിയമലംഘനം ആവർത്തിച്ചാൽ ഒരു വർഷത്തിൽ കുറയാത്ത തടവോ 50,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നോ ശിക്ഷ ലഭിക്കും. കൂടാതെ നിയമലംഘനത്തിൽ ഉൾപ്പെട്ട ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്യും.
യുഎഇയിലെ ജലവിഭവങ്ങളുടെ ചൂഷണം, സംരക്ഷണം, വികസനം എന്നിവയുമായി ബന്ധപ്പെട്ട 1999 ലെ ഫെഡറൽ നിയമം (23) പ്രകാരം ബോട്ടം ട്രോളിങ് വലകൾ, ബോട്ടം പോസ്റ്റുകൾ, ലൈറ്റുകൾ, നൈലോൺ കൊണ്ട് നിർമിച്ച വലകൾ എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിന് നിരോധനമുണ്ട്.