
വൃദ്ധ മാതാപിതാക്കളുടെ പരിചരണം: അബുദാബിയിൽ ഫ്ലെക്സിബിൾ ജോലി സമ്പ്രദായത്തിനു തുടക്കം
freepik
അബുദാബി: വൃദ്ധ മാതാപിതാക്കളുടെ പരിചരണം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഫാമിലി ഡെവലപ്‌മെന്‍റ് ഫൗണ്ടേഷന്‍റെയും ഗവൺമെന്‍റ് എംപവർമെന്‍റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെയും നേതൃത്വത്തിൽ അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് വകുപ്പിന്‍റെ സഹകരണത്തോടെ ഫ്ലെക്സിബിൾ ജോലി സമ്പ്രദായത്തിന് തുടക്കം കുറിച്ചു. ഇതനുസരിച്ച്, പ്രായമായ മാതാപിതാക്കൾക്ക് പരിചരണം നൽകുന്ന എമിറാത്തി ജീവനക്കാർക്ക് സൗകര്യപ്രദമായ ജോലി സമയം തെരഞ്ഞെടുക്കാം.
യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആരംഭിച്ച 'ബറകത്‌ന' സംരംഭത്തിന്‍റെ ഭാഗമാണ് ഈ സേവനം. മുതിർന്ന പൗരന്മാർക്ക് മികച്ച പരിചരണം ഉറപ്പാക്കുക, കുടുംബ ഐക്യം ശക്തിപ്പെടുത്തുക, മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിന്‍റെ ലക്ഷ്യം.
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയാണ് ഇതിന് പിന്നിലെന്ന് ഫാമിലി ഡെവലപ്‌മെന്‍റ് ഫൗണ്ടേഷന്‍റെ ഡയറക്ടർ ജനറൽ മറിയം മുഹമ്മദ് അൽ റുമൈത്തി പറഞ്ഞു.
''മാനവ വിഭവശേഷി നയങ്ങൾ വികസിപ്പിക്കുന്നതിനും ജീവനക്കാരുടെ പ്രൊഫഷണൽ പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കുടുംബ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയുള്ള ഈ പ്രചോദനാത്മകമായ മാനവിക സംരംഭത്തിന്‍റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ട്.'', ഗവൺമെന്‍റ് എനേബിൾമെന്‍റ് വകുപ്പിന്‍റെ അണ്ടർസെക്രട്ടറി ഇബ്രാഹിം നാസർ പറഞ്ഞു
പുതിയ സംരംഭത്തിനു കീഴിൽ, വ്യക്തികൾ ഒരു പ്രാഥമിക പരിചരണ സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. നിശ്ചിത നിയന്ത്രണങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി, മാതാപിതാക്കളെ പരിചരിക്കുന്നവർക്ക് ഫ്ലെക്സിബിൾ ജോലി സമയം ലഭിക്കുന്നതിനുള്ള അംഗീകാരം തൊഴിലുടമയിൽ നിന്ന് നേടാൻ ഈ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് എഫ് ഡി എഫ് സ്ട്രാറ്റജിക് പ്ലാനിംഗ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ അബ്ദുൾറഹ്മാൻ അൽ ബ്ലൂഷി വ്യക്തമാക്കി.
മുതിർന്ന പൗരന്മാർക്കായുള്ള ദേശീയ നയം അനുസരിച്ച്, അപേക്ഷകരുടെ മാതാപിതാക്കൾ 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എമിറാത്തി പൗരന്മാരായിരിക്കണമെന്ന്എഫ് ഡി എഫ് കുടുംബ വികസന ഡയറക്ടർ വഫ മുഹമ്മദ് അൽ അലി പറഞ്ഞു.
പ്രധാന വ്യവസ്ഥകൾ
അപേക്ഷകൻ ഒരു ഫസ്റ്റ് ഡിഗ്രി ബന്ധു അഥവാ മകനോ മകളോ ആയിരിക്കണം.
അവരോടൊപ്പം ഒരേ വീട്ടിൽ സ്ഥിരമായി താമസിക്കുന്നയാളും, പ്രാഥമിക പരിചരണം നൽകുന്നയാളുമായിരിക്കണം.
അപേക്ഷകൻ അബുദാബിയിൽ നൽകിയിട്ടുള്ള ഒരു ഫാമിലി ബുക്ക് കൈവശം വയ്ക്കുകയും എമിറേറ്റിൽ സ്ഥിരമായി താമസിക്കുകയും വേണം.
അപേക്ഷകർ TAMM പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യുന്നതിനും ആവശ്യമായ അപേക്ഷയും രേഖകളും സമർപ്പിക്കുന്നതിനും അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വീകരിക്കുന്നതിനുംഫ് ഡി എഫ് ന്‍റെ ഗൃഹസന്ദർശനം ഷെഡ്യൂൾ ചെയ്യുന്നതിനും ഒരു ഡിജിറ്റൽ ഐഡി ഉപയോഗിക്കണം
മൂല്യനിർണയം വിജയകരമായി പൂർത്തിയായാൽ അപേക്ഷകർക്ക് പ്രാഥമിക പരിചരണ സർട്ടിഫിക്കറ്റ് ലഭിക്കും.