പറക്കും ടാക്സിയുടെ ആദിമ രൂപം ഫ്യൂച്ചർ മ്യൂസിയത്തിൽ: അടുത്ത വർഷം ആദ്യ പാദത്തിൽ സർവീസിന് തുടക്കം
ദുബായ്: യുഎഇയിൽ അടുത്ത വർഷം ആദ്യം പറന്നുയരാൻ തയ്യാറെടുക്കുന്ന പറക്കും ടാക്സികളുടെ ആദിമ രൂപം ദുബായ് ഫ്യൂച്ചർ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചു. 2026 ന്‍റെ ആദ്യ പാദത്തിൽ സർവീസ് ആരംഭിക്കുന്നതോടെ ഏരിയൽ ടാക്സി പദ്ധതി ആരംഭിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും.
യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഏരിയൽ ടാക്‌സി സർവീസ് നടത്തുകയെന്ന് റോഡ്‌സ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പൊതുഗതാഗത ഏജൻസി ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാധി പറഞ്ഞു.
ജോബി ഏവിയേഷൻ വികസിപ്പിച്ചെടുത്ത പറക്കും ടാക്‌സികളുടെ പ്രോട്ടോടൈപ്പ് ഫ്യൂച്ചർ മ്യൂസിയത്തിന്‍റെ ടുമാറോ ടുഡേ ഫ്ലോറിലാണ് പ്രദർശിപ്പിച്ചിട്ടുള്ളതെന്ന് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മജീദ് അൽ മൻസൂരി പറഞ്ഞു..
ജോബി എസ് 4 ഏരിയൽ ടാക്സി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ വാഹനമാണ്. സീറോ എമിഷൻ വാഹനത്തിൽ ആറ് റോട്ടറുകൾ, നാല് ബാറ്ററി പാക്കുകൾ, നാല് യാത്രക്കാർക്കുള്ള ഇടം, ഒരു പൈലറ്റ് എന്നിവ ഉൾപ്പെടുന്നു. ഇതിന് 161കി മി വരെ റേഞ്ചും പരമാവധി മണിക്കൂറിൽ 322 കി.മി വേഗതയും ഉണ്ട്.
ദുബായ് ഇന്‍റർനാഷണൽ എയർപോർട്ട്, ഡൗൺടൗൺ ദുബായ്, ദുബായ് മറീന, പാം ജുമൈറ എന്നിവയുൾപ്പെടെ ദുബായിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പ്രാരംഭ റൂട്ടുകൾ. ദുബായ് അന്തർദേശിയ വിമാനത്താവളത്തിൽ നിന്ന് പാം ജുമൈറയിലേക്കുള്ള റോഡ് മാർഗമുള്ള യാത്രയ്ക്ക് 45 മിനിറ്റ് എടുക്കുമ്പോൾ എയർ ടാക്സിയിൽ 12 മിനിറ്റ് മാത്രമേ എടുക്കൂ.
പറക്കും ടാക്സികൾക്കായുള്ള യുഎഇയുടെ ആദ്യ വാണിജ്യ വെർട്ടിപോർട്ട് കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. ദുബായ് ഇന്‍റർനാഷണൽ വെർട്ടിപോർട്ട് (DXV) എന്ന് പേരിട്ടിരിക്കുന്ന ഇതിന് ഏരിയൽ ടാക്‌സികൾക്കായി 42,000 ലാൻഡിംഗ് ശേഷിയും ഏകദേശം 170,000 യാത്രക്കാർക്ക് സേവനം നൽകാനുള്ള കഴിവുമുണ്ട്.

