ദുബായിൽ വെള്ളിയാഴ്ച മുതൽ മാപ്പിള ഫുഡ് ഫെസ്റ്റിവൽ

പ്രാതൽ, ഉച്ചഭക്ഷണം, നാലുമണി പലഹാരങ്ങള്‍, രാത്രി ഭക്ഷണം എന്നിവയെല്ലാം ഫുഡ് ഫെസ്റ്റിവലിൽ ലഭ്യമാകും
food festival dubai

ആബിദ റഷീദ്

Updated on

ദുബായ്: മലബാറിന്‍റെ തനതായ ഭക്ഷ്യ സംസ്കാരം ലോകം മുഴുവന്‍ വ്യാപിക്കണമെന്നതാണ് തന്‍റെ ആഗ്രഹമെന്നും അതുകൊണ്ടാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി മലബാര്‍ ബിരിയാണി എന്ന ആശയവുമായി താന്‍ രംഗത്തുള്ളതെന്നും സെലിബ്രിറ്റി ഷെഫ് ആബിദ റഷീദ് പറഞ്ഞു.

‌ഇന്ത്യയില്‍ ബട്ടര്‍ ചിക്കന്‍, ഹൈദരാബാദ് ബിരിയാണി, ഇഡ്ഡലി, ദോശ, സാമ്പാർ തുടങ്ങിയവയ്ക്ക് അപ്പുറം ഭക്ഷണമില്ല എന്നാണ് പുറത്തുള്ളവരുടെ ധാരണ. എന്നാൽ ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, സംസ്‌കാരത്തിലും നമ്മള്‍ ഏറെ സമ്പന്നരും വൈവിധ്യം പുലര്‍ത്തുന്നവരാണ് എന്നതാണ് യാഥാർഥ്യമെന്നും അവർ പറഞ്ഞു.

ദുബായ് ഖിസൈസിലെ ആദാമിന്‍റെ ചായക്കടയില്‍ വെള്ളിയാഴ്ച മുതല്‍ 28 വരെ നടക്കുന്ന മാപ്പിള ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭക്ഷണം ജീവിതത്തിലെ പ്രധാന ഭാഗമാണ്. സ്കൂളുകളിൽ കുട്ടികള്‍ക്ക് പാചകം, ഭക്ഷണ വൈവിധ്യം, അതിന്‍റെ സംസ്‌കാരം, ഗുണം എന്നിവയെക്കുറിച്ചോ എന്ത് കഴിക്കണം എന്ത് കഴിക്കാന്‍ പാടില്ല എന്നതിനേക്കുറിച്ചോ പാഠങ്ങൾ കൈമാറുന്നില്ല. പെണ്‍കുട്ടികളെ അടുക്കളയില്‍ കയറാന്‍ പോലും വീട്ടമ്മമാര്‍ പലരും സമ്മതിക്കുന്നില്ല. ഇതോടെ മിക്കവരും അനാരോഗ്യകരമായ ഭക്ഷണരീതികളിലേയ്ക്ക് ചെന്നുവീഴുകയും രോഗങ്ങള്‍ വര്‍ധിക്കുകയും ചെയ്തു.

മലയാളികള്‍ പച്ചക്കറി കഴിക്കുന്നവരായിരുന്നു. കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാരും അറബികളുമടക്കമുള്ള വിദേശീയരാണ് ഇറച്ചിയും ചോറുമെല്ലാം പരിചയപ്പെടുത്തിയത്. അങ്ങനെ ഏറ്റവും നല്ല ഭക്ഷണത്തിന്‍റെ താക്കോല്‍ മലയാളികളുടെ കൈവശമായി. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭക്ഷണം ലോകത്ത് എല്ലായിടത്തും എത്താത്തത് എന്നതാണ് തന്‍റെ ആശങ്കയെന്നും അത് മറികടക്കാനുള്ള ശ്രമമാണ് മാപ്പിള ഫൂഡ് ഫെസ്റ്റിവലിലൂടെ നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

മാപ്പിള-അറബ് ഫ്യൂഷന്‍ വിഭവങ്ങളാണ് ആദാമിന്‍റെ ചായക്കടയിലെ ഭക്ഷ്യോത്സവത്തില്‍ ആബിദ റഷീദിന്‍റെ മേല്‍നോട്ടത്തില്‍ വിളമ്പുകയെന്ന് ആദാമിന്‍റെ ചായക്കടയുടെ സ്ഥാപകൻ അനീസ് ആദം പറഞ്ഞു. പ്രാതൽ, ഉച്ചഭക്ഷണം, നാലുമണി പലഹാരങ്ങള്‍, രാത്രി ഭക്ഷണം എന്നിവയെല്ലാം ഫുഡ് ഫെസ്റ്റിവലിൽ ലഭ്യമാകും. മുപ്പതോളം വ്യത്യസ്ത വിഭവങ്ങളുണ്ടാവുമെന്ന് അനീസ് ആദം അറിയിച്ചു. രാവിലെ 8.30 മുതൽ രാത്രി 11.30 വരെയാണ് പ്രവർത്തന സമയം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com