
ഷാർജയിലെ മികച്ച 10 ഹൈസ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ഡ്രൈവിങ് ലൈസൻസ്
ഷാർജ: പൊതു ഹൈസ്കൂളുകളിലെ മികച്ച 10 വിദ്യാർഥികൾക്ക് സൗജന്യ ഡ്രൈവിങ് ലൈസൻസ് നൽകുമെന്ന് ഷാർജ പൊലീസ് അറിയിച്ചു. 'ലൈസൻസ് ഓഫ് എക്സലൻസ്' എന്ന പേരിലുള്ള ഈ സംരംഭത്തിലൂടെ യുവ വിദ്യാർഥികളെ ശാക്തീകരിക്കുക, കോളെജിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ അവരെ പിന്തുണക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ഷാർജ പൊലീസിന്‍റെ വാഹന ഡ്രൈവർ ലൈസൻസിങ് വകുപ്പ്, വിദ്യാഭ്യാസ മന്ത്രാലയം, ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി, ഷാർജ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ബെൽഹാസ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ തമ്മിലുള്ള സഹകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് പ്രകാരം നേത്ര പരിശോധന, പരിശീലന കോഴ്‌സ്, സൈദ്ധാന്തികവും പ്രായോഗികവുമായ പരിശോധനകൾ, ലൈസൻസ് ഇഷ്യു ഫീസ് എന്നിവ സൗജന്യമായിരിക്കും.
'സമർപ്പണത്തിന്‍റെ മക്കൾക്കുള്ള ലൈസൻസ്' എന്ന പേരിൽ മറ്റൊരു പദ്ധതിയും ഷാർജ പൊലീസ് പ്രഖ്യാപിച്ചു. ഷാർജ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് പരിശീലന ഫീസിൽ 50 ശതമാനം കുറവ് നൽകുന്ന ഈ സംരംഭം വേനലവധിക്കാലത്ത് പ്രാബല്യത്തിൽ ഉണ്ടാകും.
ചെറുപ്പം മുതലേ സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിൽ രൂപപ്പെടുത്തിയ ഫലപ്രദമായ പങ്കാളിത്തത്തിന്‍റെ ഭാഗമാണ് രണ്ട് സംരംഭങ്ങളുമെന്ന് വാഹന, ഡ്രൈവർ ലൈസൻസിങ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് മുഹമ്മദ് അൽ കായ് പറഞ്ഞു.
മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന യുഎഇയുടെ പുതിയ ട്രാഫിക് നിയമമനുസരിച്ച് 17 വയസ് തികഞ്ഞവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാൻ അനുവാദമുണ്ട്. നേരത്തെ കാറുകളും ലൈറ്റ് വാഹനങ്ങളും ഓടിക്കാനുള്ള ലൈസൻസ് ലഭിക്കണമെങ്കിൽ 18 വയസ് തികഞ്ഞിരിക്കണമെന്നായിരുന്നു നിയമം.