ഫുജൈറ അപകടം; ട്രക്ക് ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം, നിയമലംഘനങ്ങൾക്ക് കനത്ത പിഴ

ട്രക്ക് ഡ്രൈവർമാർ വരുത്തുന്ന 11 പ്രധാന ഗതാഗത നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴകളും മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടു
UAE Ministry of Interior issues strict warning to truck drivers

ട്രക്ക് ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

Updated on: 

ഫുജൈറ: ദുബായിലെ ഫുജൈറയിൽ 14 പേരുടെ മരണത്തിനും 30 പേർക്ക് പരുക്കേൽക്കുന്നതിനും ഇടയാക്കിയ വൻ വാഹനാപകടത്തിന് പിന്നാലെ, ഭാരവാഹനങ്ങൾ ഓടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ട്രക്ക് ഡ്രൈവർമാർ വരുത്തുന്ന 11 പ്രധാന ഗതാഗത നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴകളും മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടു.

2017-ലെ 178-ാം നമ്പർ ക്യാബിനറ്റ് പ്രമേയത്തിലെ ഗതാഗത നിയന്ത്രണ നിയമങ്ങൾ പ്രകാരം 3,000 ദിർഹം വരെ പിഴയും ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികളാണ് ഈ നിയമലംഘനങ്ങൾക്ക് ലഭിക്കുക.

സ്വന്തം വാഹനമോ മറ്റ് വാഹനങ്ങളോ മറിയാൻ ഇടയാക്കുന്ന തരത്തിൽ അപകടമുണ്ടാക്കുന്ന ഭാരവാഹന ഡ്രൈവർമാർക്ക് 3,000 ദിർഹം പിഴയും ലൈസൻസ് പിടിച്ചെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് സസ്‌പെൻഷനും ലഭിക്കും.

നിരോധിത മേഖലകളിൽ മറ്റ് വാഹനങ്ങളെ മറികടക്കുന്ന ട്രക്ക് ഡ്രൈവർമാർക്കും 3,000 ദിർഹം പിഴയും ഒരു വർഷത്തെ ലൈസൻസ് സസ്‌പെൻഷനുമാണ് ശിക്ഷ.

ഭാരവാഹനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള പാതകളിലൂടെയോ ലൈനുകളിലൂടെയോ സഞ്ചരിക്കാത്തവർക്ക് 1,500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റുകളും ലഭിക്കും. ഭാരവാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡുകളിലോ മേഖലകളിലോ പ്രവേശിച്ചാൽ 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളുമാണ് ശിക്ഷ.

മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്നതോ റോഡിന് കേടുപാടുകൾ വരുത്തുന്നതോ ആയ രീതിയിൽ ഭാരവാഹനങ്ങളിൽ ചരക്ക് കയറ്റിയാൽ 2,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

വാഹനത്തിൽ നിന്ന് ചരക്കുകൾ താഴെ വീഴുകയോ ചിതറുകയോ ചെയ്താൽ 3,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ചുമത്തും. ട്രക്കുകളിലെ ചരക്കുകൾ കൃത്യമായി മൂടാതെ കൊണ്ടുപോകുന്നവർക്ക് 3,000 ദിർഹമാണ് പിഴ. നിശ്ചിത സ്ഥലങ്ങളിൽ ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

തേയ്മാനം സംഭവിച്ചതോ അപകടകരമായതോ ആയ ടയറുകളുമായി വാഹനമോടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ഏഴ് ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുന്നതുമാണ് ശിക്ഷ.

ട്രക്കുകളുടെയും ചരക്ക് വാഹനങ്ങളുടെയും പിൻഭാഗത്ത് റിഫ്ലക്ടീവ് സ്റ്റിക്കറുകൾ പതിപ്പിക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തും. ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ വ്യാവസായിക, നിർമ്മാണ വാഹനങ്ങളോ ട്രാക്റ്ററുകളോ യന്ത്രസാമഗ്രികളോ നിരത്തിലിറക്കിയാൽ 1,500 ദിർഹം പിഴ നൽകേണ്ടിവരും.