ഫുജൈറ വാഹനാപകടം; മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞതായി യുഎഇ ആഭ്യന്തര മന്ത്രാലയം, 15 പേർ ആശുപത്രിയിൽ തുടരുന്നു

മരിച്ചവരിൽ 10 പേർ യുഎഇ സ്വദേശികളും നാല് പേർ ഇന്ത്യക്കാരുമാണ്
Fujairah vehicle accident: UAE Ministry of Interior confirms all deceased have been identified

ഫുജൈറ വാഹനാപകടം; മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞതായി യുഎഇ ആഭ്യന്തര മന്ത്രാലയം

Updated on: 

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ മരിച്ച 14 പേരെയും തിരിച്ചറിഞ്ഞതായി യുഎഇ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മരിച്ചവരിൽ 10 പേർ യുഎഇ സ്വദേശികളും നാല് പേർ ഇന്ത്യക്കാരുമാണ്. അപകടത്തിൽ പരുക്കേറ്റ 30 പേരുടെ വിവരങ്ങളും മന്ത്രാലയം പുറത്തുവിട്ടു.

വ്യാഴാഴ്ച പുലർച്ചെയാണ് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ റോഡിൽ തുടർച്ചയായ രണ്ട് വാഹനാപകടങ്ങളുണ്ടായത്. നിയന്ത്രണം വിട്ട ഒരു കണ്ടെയ്നർ ട്രക്ക് മുന്നിലുണ്ടായിരുന്ന വാഹനത്തിൽ ഇടിച്ച ശേഷം മറിയുകയും ഗതാഗതക്കുരുക്കിൽ നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. 18 കാറുകളും അഞ്ച് ട്രക്കുകളും ഉൾപ്പെടെ 23 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ട്രക്കിന് തീപിടിക്കുകയും തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയും ചെയ്തതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.

പരുക്കേറ്റ 30 പേരിൽ എട്ട് യുഎഇ സ്വദേശികൾ, ഏഴ് ഇന്ത്യക്കാർ, ആറ് ഒമാൻ സ്വദേശികൾ, മൂന്ന് ഈജിപ്തുകാർ, രണ്ട് ജോർദാൻ സ്വദേശികൾ, രണ്ട് പാക്കിസ്ഥാനികൾ, രണ്ട് ബ്രസീൽ സ്വദേശികൾ എന്നിവർ ഉൾപ്പെടുന്നു. പരുക്കേറ്റവരിൽ 15 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ള 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

മരിച്ചവരുടെ കുടുംബങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.