
'ഫ്യൂച്ചർ ഇന്നൊവേറ്റേഴ്‌സ്' വേനൽക്കാല ക്യാംപ്
ദുബായ്: സർക്കാർ ജീവനക്കാരുടെ 15-നും 17-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സംഘടിപ്പിച്ച 'ഫ്യൂച്ചർ ഇന്നൊവേറ്റേഴ്‌സ്' എന്ന വേനൽക്കാല ക്യാംപ് ശ്രദ്ധേയമായി.
ഭാവി തലമുറയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പരിപാടി, നേതൃത്വപാടവം, വിദ്യാഭ്യാസപരമായ ഫീൽഡ് സന്ദർശനങ്ങൾ, സംവേദനാത്മക വിജ്ഞാനാധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ സമന്വയിപ്പിച്ച് നൈപുണ്യ വികസനത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം നൽകിയാണ് സംഘടിപ്പിച്ചത്.
സൈബർ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ടുള്ള ശില്പശാല, ഫോട്ടോഗ്രാഫി വർക്ക്‌ഷോപ്പ് തുടങ്ങിയ സെഷനുകളും വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും ക്യാംപിന്‍റെ ഭാഗമായി നടന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നടത്തിയ സന്ദർശനം വിദ്യാർഥികൾക്ക് പുതിയ അറിവുകൾ നൽകി. വിമാനത്താവളത്തിലെ യാത്രയിൽ സ്മാർട്ട് ഗേറ്റുകളെയും യാത്രക്കാരുടെ നീക്കത്തെയും കുറിച്ച് അധികൃതർ കുട്ടികൾക്ക് വിശദീകരിച്ച് കൊടുത്തു.