
ജിസിസി കപ്പ് ഫുട്ബോൾ ആവേശകരമായ അന്ത്യത്തിലേക്ക്
ദുബായ്: പവർ ഗ്രൂപ്പ് യുഎഇയുടെ നേതൃത്വത്തിൽ ദുബായ് പോലീസിന്‍റെ പോസിറ്റിവ് സ്പിരിറ്റ് കൗൺസിലിന്‍റെ സഹകരണത്തോടെ നടക്കുന്ന ജിസിസി കപ്പ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ സെമിഫൈനൽ ലൈനപ്പായി. ആദ്യ സെമിയിൽ ക്ലബ് ഡി സ്വാത് മാൾട്ട ടോപ് ടെൻ ഒമാനെ നേരിടും. രണ്ടാം സെമിയിൽ അജ്‌മാൻ അൽ സബ ഹസ്‍ലേഴ്സ്, കോസ്റ്റൽ ട്രിവാൻഡ്രത്തെയും നേരിടും.
രണ്ട് ഗ്രൂപ്പുകളായി നടത്തിയ ആദ്യ റൗണ്ട് മത്സരങ്ങളിൽ ഓരോ ഗ്രൂപ്പിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ രണ്ട് വീതം ടീമുകളാണ് സെമിയിൽ കടന്നത്. ദുബായ് പൊലീസ് ക്ലബ് സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകിട്ട് 6ന് സെമി ഫൈനൽ മത്സരങ്ങൾ തുടങ്ങും.
രാത്രി 8.30 നാണ് ഫൈനൽ. പ്രവേശനം സൗജന്യമാണ്. ചാംപ്യന്മാർക്ക് 25,000 ദിർഹവും റണ്ണേഴ്‌സ് അപ്പിന് 10,000 ദിർഹവുമാണ് സമ്മാനത്തുക. സമാപനച്ചടങ്ങിൽ ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സ്പോൺസർമാരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.