
സഹകരണം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ ദുബായും 'താങ്ക്യൂ ഫോർ യുവർ ഗിവിംഗ്' സംഘവും
ദുബായ്: സമൂഹ നന്മയും സേവനവും ലക്ഷ്യമിട്ട് ജിഡിആർഎഫ്എ ദുബായിയും "താങ്ക്യൂ ഫോർ യുവർ ഗിവിംഗ്" സന്നദ്ധ സംഘവും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇരു കൂട്ടരും ഒപ്പുവെച്ചു.
ജിഡിആർഎഫ്എ ദുബായിക്ക് വേണ്ടി ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഫിനാൻസ് സെക്ടറിലെ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവാദ് മുഹമ്മദ് ഗാനം സായിദ് അൽ അവാഇവും"താങ്ക്യൂ ഫോർ യുവർ ഗിവിംഗ്" ടീമിന് വേണ്ടി സ്ഥാപകനും തലവനുമായ സൈഫ് അൽ റഹ്മാൻ അമീറുമാണ് കരാറിൽ ഒപ്പുവെച്ചത്.
സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുക, വിവരങ്ങൾ പങ്കുവെക്കുക, ലഭ്യമായ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക, സന്നദ്ധപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകാനുള്ള മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.