സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും ഇവന്‍റ് വിസ; വിവരങ്ങൾ പങ്കുവെച്ച് ജിഡിആർഎഫ്എ ദുബായ്

പരിപാടിയുടെ വിശദാംശങ്ങളും വിദേശത്തുനിന്ന് പ്രതീക്ഷിക്കുന്ന പങ്കാളികളുടെ എണ്ണവും സ്ഥാപനം അധികൃതർക്ക് സമർപ്പിക്കണം
GDRFA Dubai shares information on event visas for conferences and exhibitions.

സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും ഇവന്‍റ് വിസ; വിവരങ്ങൾ പങ്കുവെച്ച് ജിഡിആർഎഫ്എ ദുബായ്

Updated on: 

ദുബായ്: യുഎഇയിൽ നടക്കുന്ന സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, മേളകൾ, കായിക–സാംസ്‌കാരിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ വിദേശത്തുനിന്ന് എത്തുന്നവർക്കുള്ള ‘ഇവന്റ്‌സ് വിസിറ്റ് വിസ’യുടെ വിശദാംശങ്ങൾ ജിഡിആർഎഫ്എ ദുബായ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. "യുവർ വേ ടു ദുബായ്" പരമ്പരയുടെ ഭാഗമായി പോസ്റ്റ് ചെയ്ത വിഡിയോയിൽ വിസയ്ക്ക് ആവശ്യമായ രേഖകൾ, പ്രവേശനരീതി, യുഎഇയിൽ തങ്ങാവുന്ന കാലാവധി എന്നിവയാണ് വിശദീകരിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന പരിപാടികൾക്കും അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന പരിപാടികൾക്കും ഈ വിസ ലഭ്യമാണ്. സമ്മേളന പ്രതിനിധികൾ, പ്രഭാഷകർ, പ്രദർശകർ, ക്ഷണിതാക്കളായ സന്ദർശകർ എന്നിവർക്ക് സംഘാടകർ മുഖേന അപേക്ഷിക്കാം.

പരിപാടിയുടെ വിശദാംശങ്ങളും വിദേശത്തുനിന്ന് പ്രതീക്ഷിക്കുന്ന പങ്കാളികളുടെ എണ്ണവും സ്ഥാപനം അധികൃതർക്ക് സമർപ്പിക്കണം. പങ്കെടുക്കുന്നവരുടെ എണ്ണത്തിന് അംഗീകാരം ലഭിച്ച ശേഷം ക്ഷണിതാക്കളുടെ വിസ അപേക്ഷകൾക്ക് വേണ്ടി സംഘാടകർക്ക് സ്‌പോൺസർഷിപ്പ് നൽകാം.

വെള്ള പശ്ചാത്തലത്തിലുള്ള വ്യക്തിഗത ഫോട്ടോ, പാസ്‌പോർട്ടിന്‍റെയോ യാത്രാരേഖയുടെയോ പകർപ്പ്, ആതിഥേയ സ്ഥാപനത്തിന്‍റെ കത്ത് എന്നിവയാണ് അപേക്ഷയ്‌ക്കൊപ്പം നൽകേണ്ടതെന്ന് വിഡിയോയിൽ പറയുന്നു. അപേക്ഷകൻ പങ്കെടുക്കുന്ന പരിപാടിയുടെ വിശദാംശങ്ങളും അത് എത്ര ദിവസം നീളുമെന്നും ആതിഥേയ സ്ഥാപനത്തിന്‍റെ കത്തിൽ വ്യക്തമാക്കണം.

ഈ വിസയിൽ യുഎഇയിൽ 30 അല്ലെങ്കിൽ 60 ദിവസം തങ്ങാം. ഒരുതവണ പ്രവേശിക്കാനുള്ള സിംഗിൾ എൻട്രി വിസയും ഒന്നിലധികം തവണ പ്രവേശിക്കാനുള്ള മൾട്ടിപ്പിൾ എൻട്രി വിസയും ലഭ്യമാണ്. കാലാവധി നീട്ടാൻ അനുമതി ലഭിച്ചാൽ മൊത്തം താമസം പരമാവധി 120 ദിവസം വരെയാകാമെന്നും ജിഡിആർഎഫ്എ ദുബായ് വ്യക്തമാക്കി.