ദുബായ്: 2024-2025 അധ്യയന വർഷത്തിന്‍റെ ആദ്യ ആഴ്ചകളിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥർ ദുബായിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി. വിവിധ സമൂഹങ്ങളുമായി ആശയവിനിമയം മെച്ചപ്പെടുത്താനും വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം.
ആദ്യ ആഴ്ചയിൽ അൽ ഷൊറൂഖ് കിൻഡർഗാർട്ടൻ, ഡിസംബർ സെക്കൻഡ് സ്കൂൾ, അൽ സാദ സ്കൂൾ, ഹെസ്സ ബിൻത് അൽമുർ സ്കൂൾ, ദുബായ് സെന്‍റർ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ തുടങ്ങിയ സ്കൂളുകളിൽ സന്ദർശനം നടത്തി. രണ്ടാമത്തെ ആഴ്ചയിൽ, അൽ അഹ്ലിയ ചാരിറ്റബിൾ സ്കൂൾ, കാർമൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളാണ് സന്ദർശിച്ചത്.
സന്ദർശന വേളയിൽ, ജിഡിആർഎഫ്എ-ദുബായുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവർ കുട്ടികളെ സ്വാഗതം ചെയ്യുകയും, അവർക്കായി സമ്മാനങ്ങൾ, അനുസ്മരണ ഉപഹാരങ്ങൾ, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ഇതിലൂടെ 3,800-ഓളം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുകയും, വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു. ഈ സംരംഭത്തിന്‍റെ പ്രയോജനം 4000 കുട്ടികളിലേക്ക് എത്തിക്കാനാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.
ജിഡിആർഎഫ്എ അവരുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിൽ മാത്രമല്ല, ഇതര സമൂഹത്തിലേക്കും തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന രീതിയിലും വ്യാപിപ്പിക്കുകയാണ്. ബോധവൽക്കരണവും കമ്മ്യൂണിറ്റി സംരംഭങ്ങളും ജിഡിആർഎഫ്എ ദുബായുടെ സാമൂഹ്യ പ്രതിബദ്ധതയുടെ അവിഭാജ്യ ഘടകമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കാർട്ടൂൺ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവരെ കുട്ടികൾ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് സ്വീകരിച്ചത്. പുതിയ അധ്യയന വർഷം ആത്മവിശ്വാസത്തോടും പോസിറ്റീവ് മനോഭാവത്തോടും തുടക്കമിടാൻ ഈ സന്ദർശനം കുട്ടികൾക്ക് പ്രചോദനമാവുകയും ചെയ്തു.