ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന് ഞായറാഴ്ച തുടക്കമാവും.അപേക്ഷ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദുബായ് ഇമിഗ്രേഷൻ അറിയിച്ചു.ദുബായിൽ ജി ഡി ആർ എഫ് എ അൽ അവിർ കേന്ദ്രത്തിലും 86 അമർ സെന്ററുകളിലും അപേക്ഷ നൽകാം.
യുഎഇയുടെ സഹിഷ്ണുതയും, മാനവിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും,നിയമ വാഴ്ചയോടുള്ള ആദരവുമാണ് പൊതുമാപ്പിലൂടെ വ്യക്തമാവുന്നതെന്ന് ദുബായ് ഇമിഗ്രേഷൻ മേധാവി ലെഫ്റ്റന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു.
പൊതുമാപ്പ് സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ ജിഡിആർഎഫ്എയുടെ 8005111 നമ്പറിൽ വിളിച്ച് ശരിയാണോ എന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഐസിപി ഓൺലൈൻ വഴി അപേക്ഷിക്കാം
അനധികൃത താമസക്കാർക്ക് നേരിട്ട് സേവന കേന്ദ്രങ്ങളിൽ പോകാതെ തന്നെ ഐസിപി ഓൺലൈൻ സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ വഴി അപേക്ഷ സമർപ്പിക്കാം. രാജ്യം വിട്ട് പോകണമെന്നുള്ളവർ പാസ്പോര്ട്ട്,എയർ ടിക്കറ്റ് എന്നിവയുടെ വിശദാംശങ്ങൾ നൽകണം.ബയോ മെട്രിക് വിവരങ്ങൾ നൽകേണ്ടതുണ്ട് എന്ന നോട്ടിഫിക്കേഷൻ ലഭിക്കുന്നവർ മാത്രം നേരിട്ട് സേവന കേന്ദ്രങ്ങളിൽ പോയാൽ മതി.
എക്സിറ്റ് പാസ് കാലാവധി
അനധികൃത താമസക്കാർക്ക് നൽകുന്ന എക്സിറ്റ് പാസിന്റെ കാലാവധി 14 ദിവസമാണ്.പൊതുമാപ്പിന്റെ സമയപരിധിക്കുള്ളിൽ എക്സിറ്റ് പാസിന്റെ കാലാവധി കഴിഞ്ഞാലും സ്വദേശത്തേക്ക് മടങ്ങാൻ സാധിക്കും.എന്നാൽ പൊതുമാപ്പ് അവസാനിക്കുന്ന ഒക്ടോബർ 30ന് ശേഷമാണ് എക്സിറ്റ് പാസിന്റെ കാലാവധി കഴിയുന്നതെങ്കിൽ സ്ഥിതി ഗുരുതരമാകും. എക്സിറ്റ് പാസ് റദ്ദാക്കുകയും ഒഴിവാക്കപ്പെട്ട പിഴ പുനഃസ്ഥാപിക്കുകയും ചെയ്യും.പ്രവേശന നിരോധനവും നേരിടേണ്ടി വരും.