
യുഎഇ ലോക സാമ്പത്തിക ഫോറം: ആഗോള എഐ നിയന്ത്രണ പ്ലാറ്റ്‌ഫോമിന് തുടക്കം
ദുബായ്: യുഎഇയും ലോക സാമ്പത്തിക ഫോറവും ചേർന്ന് ആഗോള എഐ നിയന്ത്രണ പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചു. സാങ്കേതിക തടസങ്ങൾക്കിടയിൽ ദ്രുത ഗതിയിലുള്ള ഭാവി പ്രതിരോധ നിയന്ത്രണത്തിനായി ലോകമെമ്പാടുമുള്ള സർക്കാരുകൾ എഐ പോലുള്ള ഉയർന്നു വരുന്ന സാങ്കേതിക വിദ്യകളോട് എങ്ങനെ പ്രതികരിക്കുന്നുവന്നത് പുനഃപരിശോധിക്കാൻ ലക്ഷ്യമിട്ടാണ് ഈ സംരംഭം തുടങ്ങിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ടൊരു പ്ലാറ്റ് ഫോം 'ഗ്രിപ്' (ഗ്ലോബൽ റെഗുലേറ്ററി ഇന്നൊവേഷൻ പ്ലാറ്റ്‌ഫോം) എന്ന പേരിൽ ജനീവയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നിർമിത ബുദ്ധി, ബയോ ടെക്‌നോളജി, ഡിജിറ്റൽ ഫിനാൻസ് എന്നിവയിലെ ഏറ്റവും പുതിയ വേർഷനുകൾ ഉൾക്കൊള്ളുന്നതാണീ പ്ലാറ്റ്‌ഫോം.
ഇക്കാര്യത്തിലുള്ള നവീകരണം വേഗത്തിൽ നീങ്ങുന്നുവെന്ന് ഡബ്ലിയുഇഎഫ് പ്രസിഡന്‍റ് ബോർജ് ബ്രെൻഡെ പറഞ്ഞു. "ഭാവിയെ രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾക്ക് ചടുലവും പ്രതീക്ഷ നൽകുന്നതുമായ നയ ചട്ടക്കൂടുകൾ ഒരുമിച്ച് സൃഷ്ടിക്കുന്നതിന് സർക്കാരുകളെ സഹായിക്കാൻ ഗ്രിപ്പിന് സാധിക്കും''-അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഗ്രിപ്പിന്‍റെ നവീകരണ മുന്നേറ്റത്തിനായുള്ള പ്രായോഗിക ചട്ടക്കൂടുകളും കേസ് പഠനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരാഗോള റഗുലേറ്ററി പ്ലേ ബുക്, ഉയർന്നു വരുന്ന സാങ്കേതിക വിദ്യകൾക്കായുള്ള രാജ്യങ്ങളുടെ തയാറെടുപ്പ് വിലയിരുത്താനുള്ള ഭാവി സന്നദ്ധത സൂചിക, വ്യവസായ പങ്കാളിത്തത്തോടെ പരിഹാരങ്ങൾ പരീക്ഷിക്കാനും വിലയിരുത്താനും കഴിയുന്നൊരു റഗുലേറ്ററി ഇന്നൊവേഷൻ ഹബ് എന്നിവ ഇതിലുൾപ്പെടുന്നു.
പ്രമുഖ നിയമ-നയ-സാങ്കേതിക വിദഗ്ധരുടെ ഒരു ശൃംഖലയ്‌ക്കൊപ്പം വിജ്ഞാന പങ്കാളിയായി ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പും ഇതോടൊപ്പം ചേർന്ന് പ്രവർത്തിക്കും.
നിർമിത ബുദ്ധിയിൽ യുഎഇ മുന്നിൽ
ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ നേരത്തെ തന്നെ ലോകത്തിലെ ഏറ്റവും ഡിജിറ്റലായി മുന്നേറിയ രാജ്യങ്ങളിലൊന്നായി യു.എ.ഇ ഉയർന്നു വന്നിട്ടുണ്ടെന്ന് മർയം അൽ ഹമ്മാദി ഈ വർഷം ആദ്യം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു.