
ദുബായ്: മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഈ മാസം 16 ന് തുറക്കും.
പുതിയ സീസണിൽ പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ വഴി ടിക്കറ്റ് വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.globalvillage.ae ഇൽ ടിക്കറ്റുകൾ ലഭ്യമാണ്.
പുതിയ നിരക്കുകൾ
പൊതു അവധി ദിവസങ്ങൾ ഒഴികെ ഞായർ മുതൽ വ്യാഴം വരെ ഉപയോഗിക്കാവുന്ന ടിക്കറ്റിന് 25 ദിർഹം
ഏത് ദിവസവും ഉപയോഗിക്കാവുന്ന ടിക്കറ്റിന് 30 ദിർഹം
കഴിഞ്ഞ സീസണിൽ ഇത് യഥാക്രമം 22.50 ദിർഹവും 27 ദിർഹവുമായിരുന്നു..
3 വയസ് വരെയുള്ള കുട്ടികൾക്കും 65 വയസിനു മുകളിലുള്ളവർക്കും നിശ്ചയ ദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്.
പ്രവർത്തന സമയം
ഗ്ലോബൽ വില്ലേജിൻ്റെ ഈ സീസൺ 2024 ഒക്ടോബർ 16 മുതൽ 2025 മെയ് 11 വരെയാണ്. പ്രവർത്തന സമയം ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം 4 മുതൽ 12 വരെയും, വ്യാഴം മുതൽ ശനി വരെ വൈകുന്നേരം 4 മുതൽ പുലർച്ചെ 1 വരെയുമാണ്.
ചൊവ്വ (പൊതു അവധി ദിനങ്ങൾ ഒഴികെ) കുടുംബങ്ങൾക്കും ദമ്പതികൾക്കും സ്ത്രീകൾക്കും മാത്രമായി നീക്കി വച്ചിരിക്കുന്നു.
ജനപ്രിയമായ റെയിൽവേ മാർക്കറ്റും ഫ്ലോട്ടിംഗ് മാർക്കറ്റും പുതിയ ആശയങ്ങളുമായി വീണ്ടും തുറക്കും. ഫിയസ്റ്റ സ്ട്രീറ്റിൽ ഇരട്ട നിലകളുള്ള സ്ട്രീറ്റ് കിയോസ്‌കുകളുണ്ടാകും.
കാർണിവൽ ഫൺ-ഫെയർ ഏരിയയ്ക്ക് അടുത്തുള്ള 'റസ്റ്ററന്റ് പ്ലാസ' ഭക്ഷണ പ്രേമികൾക്ക് മികച്ച കേന്ദ്രമായിരിക്കും.
സന്ദർശകർക്ക് തത്സമയ ഷോകളും പ്രകടനങ്ങളും ആസ്വദിച്ച് വൈവിധ്യമാർന്ന പാചക രീതികൾ ആസ്വദിക്കാൻ കഴിയുന്ന രണ്ട് നിലകളുള്ള 11 റസ്റ്റോറന്‍റുകൾ ഇത്തവണ ഉണ്ടാകും.