

പ്രത്യേക ലേഖകൻ
ആഗോള തലത്തില്‍ കുടിയേറ്റ ഘടനയാകെ മാറിമറിയുകയാണ്. വിദേശങ്ങളിലേക്കു കുടിയേറുന്നത് സംസ്‌കാരത്തിന്‍റെ തന്നെ ഭാഗമായിക്കഴിഞ്ഞ കേരളം പോലുള്ള പ്രദേശങ്ങളിലെ പ്രവണതയില്‍ തന്നെ ഇതു വ്യക്തമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകുന്നതിനൊപ്പം യൂറോപ്പിലേക്കും അമേരിക്കയിലേക്കും ക്യാനഡയിലേക്കും യുകെയിലേക്കുമെല്ലാം പഠിക്കാനും ജോലിക്കുമെല്ലാമായി പോകുന്നവരുടെ എണ്ണം പ്രതിദിനമെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
കുടിയേറ്റ ഘടനയില്‍ വരുന്ന ഈ മാറ്റങ്ങൾ കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളുടെ നയങ്ങളിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചുരപ്രചാരമാര്‍ജിച്ചു വരുന്ന ഗോള്‍ഡന്‍ വിസ സ്‌കീം ഇതിനൊരുദാഹരണമാണ്. ഗള്‍ഫ് രാജ്യങ്ങളോട് വിദഗ്ധ തൊഴിലാളികള്‍ക്ക് താത്പര്യം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിയത്.
അതേസമയം, കാഷ്വല്‍ ലേബറിന് സാധ്യത കുറവും വിദഗ്ധ തൊഴിലാളികള്‍ക്ക് സാധ്യത കൂടുതലുമുള്ള യൂറോപ്യന്‍ രാജ്യങ്ങളാകട്ടെ, ഇത്തരം വിസ സമ്പ്രദായങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നിക്ഷേപം നടത്താന്‍ തയാറുള്ളവര്‍ക്ക് റെസിഡന്‍സ് വിസ അനുവദിക്കുന്നതു പോലുള്ള പദ്ധതികള്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ഉപേക്ഷിച്ചു.
ഇത്തരം സംവിധാനങ്ങള്‍ ഇല്ലാതെ തന്നെ ആവശ്യത്തിന് വിദേശ വിദ്യാര്‍ഥികളെയും വിദേശ വിദഗ്ധ തൊഴിലാളികളെയും ആകര്‍ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു സാധിക്കുന്നുണ്ട്. ഇതിന് കുടിയേറ്റ നയങ്ങളിലും നിയമങ്ങളിലുമുള്ള സങ്കീര്‍ണത നീക്കിയാല്‍ മാത്രം മതിയെന്ന് അവിടങ്ങളിലെ സര്‍ക്കാരുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
എന്നാല്‍, പരമ്പരാഗതമായി പൗരത്വമോ ഭൂമി വാങ്ങി താമസിക്കാനുള്ള അവകാശമോ വിദേശികള്‍ക്കു നല്‍കാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ പരിമിതമായി ഭൂമി വാങ്ങാനുള്ള അനുമതിയും നല്‍കുന്നു. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ വിദേശികള്‍ക്ക് വ്യാപകമായി ഇറങ്ങിച്ചെല്ലാന്‍ ഇത് അവസരമൊരുക്കുകയും ചെയ്യുന്നു.