ഗുജറാത്ത് വിമാനാപകടം: 6 കോടി രൂപ സഹായം കൈമാറി ഡോ. ഷംഷീർ വയലിൽ

മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.
Gujarat plane crash: Dr. Shamseer Vayal hands over Rs 6 crore aid

ഗുജറാത്ത് വിമാനാപകടം: 6 കോടി രൂപ സഹായം കൈമാറി ഡോ. ഷംഷീർ വയലിൽ

Updated on

അബുദാബി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ബി.ജെ. മെഡിക്കൽ കോളെജിലെ വിദ്യാർതികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ഡോ. ഷംഷീർ വയലിന്‍റെ 6 കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാമ്പസിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളെജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്‌. ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സഹായം നൽകിയത്.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 4 മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്ന ആര്യൻ രജ്പുത്, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുള്ള മാനവ് ഭാദു, ബാർമറിൽ നിന്നുള്ള ജയപ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ്നഗറിൽ നിന്നുള്ള രാകേഷ് ഗോബർഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്.

"കർഷക കുടുംബമാണ് ഞങ്ങളുടേത്. കുടുംബത്തിലെ ആദ്യ മെഡിക്കൽ വിദ്യാർഥിയായിരുന്ന രാകേഷ് ഞങ്ങളുടെ വലിയ പ്രതീക്ഷയായിരുന്നു. നാല് സഹോദരിമാരാണ് ഞങ്ങൾക്ക്. അച്ഛൻ രോഗിയാണ്. ഈ സഹായം ഞങ്ങൾക്ക് വളരെ വലുതാണ്," അപകടത്തിൽ മരിച്ച രണ്ടാം വർഷ വിദ്യാർഥിയായിരുന്ന രാകേഷ് ദിയോറയുടെ സഹോദരൻ വിപുല്‍ ഭായ് ഗോബർഭായ് ദിയോറ പറഞ്ഞു. അപകടത്തിൽ ഭാര്യയെയും ഭാര്യാ സഹോദരനെയും നഷ്ടപെട്ട ന്യൂറോ സർജറി റസിഡന്‍റ് ഡോ. പ്രദീപ് സോളങ്കി, മൂന്ന് കുടുംബാംഗങ്ങളെ നഷ്ടമായ സർജിക്കൽ ഓങ്കോളജി റസിഡന്‍റ് ഡോ. നീൽകാന്ത് സുത്താർ, സഹോദരനെ നഷ്‌ടമായ ബിപിടി വിദ്യാർഥി ഡോ. യോഗേഷ് ഹദാത്ത് എന്നിവർക്ക് 25 ലക്ഷം രൂപ വീതമാണ് നൽകിയത്.

പൊള്ളൽ, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം അഞ്ചോ അതിലധികമോ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്ന 14 പേർക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നൽകി. ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷൻ നിർദേശിച്ചവർക്കാണ് ഇത് നൽകിയത്. ഗുരുതരമായി പൊള്ളലേറ്റ ഡോ. കെൽവിൻ ഗമേറ്റി, ഡോ. പ്രഥം കോൽച്ച, ഫാക്കൽറ്റി അംഗങ്ങളുടെ ബന്ധുക്കളായ മനീഷബെൻ, അവരുടെ 8 മാസം പ്രായമുള്ള മകൻ തുടങ്ങിയവർക്കും സഹായം ലഭിച്ചു. മെഡിക്കൽ സമൂഹം മുഴുവനായും ദുരന്തബാധിതർക്കൊപ്പമുണ്ടെന്ന് കുടുംബങ്ങൾക്ക് കൈമാറിയ കത്തിൽ ഡോ. ഷംഷീർ ഉറപ്പ് നൽകി. സഹായ വിതരണ ചടങ്ങിന് ശേഷം ദുരന്തത്തിൽ മരിച്ച ബി.ജെ മെഡിക്കൽ കോളേജിൽ നിന്നുള്ളവർക്കായി നടത്തിയ പ്രത്യേക പ്രാർത്ഥനയിൽ അധ്യാപകർ, വിദ്യാർഥികൾ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com