അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ചൊവ്വ) മുതൽ വെള്ളിയാഴ്ച വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിയും മിന്നലും ആലിപ്പഴ വർഷവും ഉണ്ടാവുമെന്ന് അറിയിപ്പിൽ പറയുന്നു. അറബിക്കടലിലെ ഉയർന്ന് നിൽക്കുന്ന ന്യൂനമർദം ഒമാനിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമായിട്ടാണ് മഴ പെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.
യുഎഇ യിലെ വടക്ക്-കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലെ ചില ഭാഗങ്ങളിലും വ്യത്യസ്ത തീവ്രതകളിൽ മഴ പെയ്യും. കാഴ്ച മറയ്ക്കുന്ന ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ മുന്നറിയിപ്പിന്‍റെ വെളിച്ചത്തിൽ യുഎഇ ദേശിയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു.
ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ വിദ്യാലയങ്ങൾക്ക് ഇന്ന് (ചൊവ്വ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലുള്ള യുഎഇ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഒമാനിലെ യുഎഇ നയതന്ത്ര കാര്യാലയം ആവശ്യപ്പെട്ടിട്ടുണ്ട്.