യുഎഇ വിസയെടുക്കാൻ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുന്നു
ദുബായ്: അടുത്ത വർഷം മുതൽ യുഎഇയിലെ വടക്കൻ എമിറേറ്റുകളിൽ വിസ ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ദുബായിലും അബുദാബിയിലും നേരത്തെ തന്നെ ഇതു നിർബന്ധമായിരുന്നു.
ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് ഇനി വിസയെടുക്കാൻ ഇൻഷുറൻസ് നിർബന്ധമാക്കുന്നത്. 2024 ജനുവരി ഒന്നിനു മുൻപ് ലഭിച്ച സാധുവായ വർക്ക് പെർമിറ്റുള്ള ജീവനക്കാർക്ക് ഈ ഉത്തരവ് ബാധകമല്ല. എന്നാൽ, അവരുടെ താമസ വിസ പുതുക്കേണ്ട സമയമാകുമ്പോൾ അവർക്കും ഇത് നിർബന്ധമാകും.
രാജ്യത്തെ തൊഴിൽ മേഖലയിലെ സമഗ്ര നവീകരണം എന്ന സുപ്രധാന ലക്ഷ്യത്തിലേക്കുള്ള ചുവട് വയ്പ്പാണിതെന്ന് മന്ത്രാലയത്തിലെ തൊഴിൽ സ്വദേശിവത്കരണ ഓപ്പറേഷൻസ് അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖൂരി പറഞ്ഞു.
തൊഴിലാളി സംരക്ഷണ പരിപാടി, തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി, സമ്പാദ്യ പദ്ധതി എന്നിവ ഉൾപ്പെടുന്ന സംയോജിത സാമൂഹിക സംരക്ഷണ സംവിധാനം വികസിപ്പിക്കുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടിന്‍റെ ഭാഗമാണിത്. ഈ ശ്രമങ്ങൾ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും എല്ലാ തൊഴിലാളികൾക്കും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള യുഎഇ യുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പ്ലാൻ പ്രതിവർഷം 320 ദിർഹം മുതലാണ് തുടങ്ങുന്നത്. നിലവിൽ അബുദാബിയിലും ദുബായിലും ഉള്ളതിനേക്കാൾ കുറവാണ് പ്രീമിയം തുക.
ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകൾ കുറയ്ക്കുന്നതിലൂടെ ഇത് തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കുമുള്ള പുതിയ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിർണായക ചുവടുവയ്പ്പാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആക്ടിംഗ് ഡയറക്ടർ ജനറൽ മേജർ ജനറൽ സയീദ് സലേം ബൽഹാസ് അൽ ഷംസി പറഞ്ഞു.