

വിമാന യാത്രയിൽ ഹൃദയാഘാതം: തൃശൂർ സ്വദേശിയുടെ ജീവൻ രക്ഷിച്ച് മലയാളി നഴ്‌സുമാർ
അബുദാബി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാന യാത്രക്കിടെ ഹൃദയാഘാതമുണ്ടായ തൃശൂർ സ്വദേശിയുടെ ജീവൻ രക്ഷിച്ച് സഹയാത്രികരായ മലയാളി നഴ്‌സുമാർ. വയനാട് സ്വദേശി അഭിജിത്ത് ജീസിന്‍റെയും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസന്‍റെയും നേതൃത്വത്തിൽ നൽകിയ സമയോചിതമായ പ്രാഥമിക ചികിത്സയാണ് തൃശൂർ സ്വദേശിയായ 34 കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
യുഎഇ യിലെ റെസ്പോൺസ് പ്ലസ് ഹോൾഡിങിന്‍റെ ഭാഗമായ റെസ്പോൺസ് പ്ലസ് മെഡിക്കലിൽ രജിസ്റ്റേർഡ് നഴ്സായി ജോലിയിൽ പ്രവേശിക്കുന്നതിനായിരുന്നു അഭിജിത്തും അജീഷും കൊച്ചി നെടുമ്പാശേരി അന്തർദേശിയ വിമാന താവളത്തിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ അബുദാബിയിലേക്ക് യാത്ര തിരിച്ചത്.
പ്രമുഖ ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ബോർഡ് അംഗവുമായ റെസ്പോൺസ് പ്ലസ് ഹോൾഡിങ് യുഎഇയിലെ ഏറ്റവും വലിയ അടിയന്തര, ഓൺസൈറ്റ് മെഡിക്കൽ സേവനദാതാവാണ്. പുലർച്ചെ 5:50 ആയപ്പോൾ, അടുത്തുള്ള സീറ്റിൽ ആരോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായി തോന്നിയാണ് അഭിജിത്ത് തിരിഞ്ഞു നോക്കിയത്. "ഒരു മനുഷ്യൻ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പൾസ് നോക്കി കിട്ടാതെ വന്നപ്പോൾ തന്നെ മനസിലായി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന്," അഭിജിത്ത് പറയുന്നു.
വിമാന ജീവനക്കാരെ വിവരം അറിയിച്ച ശേഷം ഒട്ടും സമയം പാഴാക്കാതെ രോഗിക്ക് അഭിജിത്ത് സിപിആർ നൽകാൻ തുടങ്ങി. സഹായത്തിനായി അജീഷും ചേർന്നു. ഇരുവരും ചേർന്ന് രണ്ട് റൗണ്ട് സിപിആർ നൽകിയതോടെ രോഗിക്ക് പൾസ് തിരിച്ച് കിട്ടി. ശ്വാസമെടുക്കാനും തുടങ്ങി. ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദറും ചേർന്ന് രോഗിക്ക് ഐവി ഫ്ലൂയിഡുകൾ നൽകി, വിമാനം അബുദാബിയിൽ ഇറങ്ങുന്നത് വരെ അദ്ദേഹത്തിന്‍റെ അവസ്ഥ മോശമാകാതിരിക്കാൻ ഇവർ ശ്രമിച്ചു.
"ഞങ്ങളുടെ ആദ്യത്തെ വിദേശ യാത്രയായിരുന്നു. പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് വലിയൊരനുഗ്രഹമായി തോന്നുന്നു. " അജീഷും അഭിജിത്തും പറഞ്ഞു. എയർപോർട്ടിലെ ചികിത്സക്ക് ശേഷം അടിയന്തരനില തരണം ചെയ്ത രോഗിയുടെ കുടുംബവും ഇരുവരോടും നന്ദി പറഞ്ഞു.
നഴ്‌സുമാർക്ക് റെസ്പോൺസ് പ്ലസ് മെഡിക്കലിന്‍റെ ആദരം
പ്രതിസന്ധി ഘട്ടത്തിൽ ആത്മധൈര്യം കൈവിടാതെ രോഗിയുടെ ജീവൻ രക്ഷിക്കാൻ സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച നഴ്‌സുമാരെ റെസ്പോൺസ് പ്ലസ് മെഡിക്കൽ ടീം ആദരിച്ചു.
റെസ്പോൺസ് പ്ലസ് ഹോൾഡിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. രോഹിൽ രാഘവൻ ഇരുവർക്കും അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകി. ആർപിഎം പ്രോജക്ട്സിന്‍റെ മെഡിക്കൽ ഡയറക്റ്റർ ഡോ. മുഹമ്മദ് അലിയും ഇരുവരെയും അഭിനന്ദിച്ചു.