കടൽ പ്രദേശത്ത് നീല, മരുഭൂമിയിൽ സ്വർണം; ഇനി ദുബായിലെ നെയിം പ്ലെയ്റ്റുകൾ പ്രദേശത്തിന് അനുസരിച്ച്

ദുബായിലെ വിവിധ മേഖലകളുടെ സ്വഭാവവും ഭൂമിശാസ്ത്ര സവിശേഷതകളും എടുത്തു കാണിക്കുന്നതിനായി അഞ്ച് പ്രത്യേക നിറങ്ങളാണ് പുതിയ വിഷ്വൽ ഐഡന്റിറ്റിയിൽ ഉപയോഗിച്ചിരിക്കുന്നത്
dubai name plate change

കടൽ പ്രദേശത്ത് നീല, മരുഭൂമിയിൽ സ്വർണം; ഇനി ദുബായിലെ നെയിം പ്ലെയ്റ്റുകൾ പ്രദേശത്തിന് അനുസരിച്ച്

Updated on: 

ദുബായ്: ദുബായ് അർബൻ പ്ലാനിംഗ് സുപ്രീം കമ്മിറ്റി, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ എമിറേറ്റിലെ പ്രദേശങ്ങളുടെ പുതിയ വിലാസ സംവിധാനവും വിഷ്വൽ ഐഡന്റിറ്റിയും പുറത്തിറക്കി.

ദുബായുടെ നഗരവികസനത്തിന് അനുയോജ്യമായ രീതിയിൽ, ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന ഏകീകൃത രൂപകൽപ്പനയിലും നിറങ്ങളിലുമുള്ള ബോർഡുകളും അടയാളങ്ങളുമാണ് ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്നത്. പ്രദേശങ്ങളുടെ പേരുകൾ ഉള്ള ബോർഡുകൾ, തെരുവ് നാമ ഫലകങ്ങൾ, കെട്ടിടങ്ങളുടെ വീട്ടുനമ്പറുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ദുബായിലെ വിവിധ മേഖലകളുടെ സ്വഭാവവും ഭൂമിശാസ്ത്ര സവിശേഷതകളും എടുത്തു കാണിക്കുന്നതിനായി അഞ്ച് പ്രത്യേക നിറങ്ങളാണ് പുതിയ വിഷ്വൽ ഐഡന്റിറ്റിയിൽ ഉപയോഗിച്ചിരിക്കുന്നത്. കടലിനോട് ചേർന്നുള്ള പ്രദേശങ്ങൾക്ക് നീല നിറവും മരുഭൂമിയുടെ അന്തരീക്ഷമുള്ള പ്രദേശങ്ങൾക്ക് സ്വർണ്ണ നിറവുമാണ് നൽകിയിരിക്കുന്നത്. ഈ പുതിയ സംവിധാനത്തിലൂടെ വഴികളും സ്ഥലങ്ങളും പെട്ടെന്ന് തിരിച്ചറിയാനും യാത്രകൾ എളുപ്പമാക്കാനും സഹായിക്കും.

2026 അവസാന പാദത്തിൽ ആരംഭിച്ച് 2030 വരെയുള്ള വിവിധ ഘട്ടങ്ങളിലായി ദുബായിലെ 19 സെക്ടറുകളിലുള്ള 186 പ്രദേശങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സബീൽ 1, സബീൽ 2, നാദ് അൽ ഷിബ, അൽ ഖവാനീജ് 1, നസ്‌വ എന്നീ അഞ്ച് പ്രദേശങ്ങളിലായി രണ്ടായിരത്തിലധികം പുതിയ ബോർഡുകൾ സ്ഥാപിക്കുകയും പഴയവ മാറ്റുകയും ചെയ്യും.

പുതിയ വിലാസ സംവിധാനം പിന്നീട് ബസ് സ്റ്റോപ്പുകൾ, ഏരിയ മാപ്പ് ബോർഡുകൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ എന്നിവയിലേക്കും വ്യാപിപ്പിക്കും. തെരുവുകളുടെയും പ്രദേശങ്ങളുടെയും പേരുകളുടെ പ്രാധാന്യം, സവിശേഷതകൾ, പ്രധാന ആകർഷണങ്ങൾ എന്നിവ അറിയാൻ ബോർഡുകളിൽ ക്യൂ ആർ കോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടങ്ങളുടെ വീട്ടുനമ്പറുകൾ രേഖപ്പെടുത്തുന്ന പ്ലേറ്റുകളുടെ അന്തിമ ഡിസൈനും ഇതിന്റെ ഭാഗമായി അംഗീകരിച്ചിട്ടുണ്ട്. ഈ പ്ലേറ്റുകളിൽ മകാനി നമ്പറും ക്യൂ.ആർ കോഡും അടങ്ങിയിരിക്കും.

logo
Metro Vaartha
www.metrovaartha.com