
ഹോട്ട്പാക്കിന് പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതക്കുള്ള അന്താരാഷ്ട്ര ഇകോവാഡിസ് പുരസ്‌കാരം
ദുബായ്: പാക്കേജിങ് രംഗത്ത് പ്രമുഖരായ ഹോട്ട്പാക്കിന് പരിസ്ഥിതി സംരക്ഷണം, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്കുള്ള അന്താരാഷ്ട്ര ഇകോവാഡിസ് ഗോള്‍ഡ് മെഡല്‍ ലഭിച്ചു. കമ്പനി പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തുന്ന സുസ്ഥിരതയും ധാര്‍മ്മികതയും കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്വവും പരിഗണിച്ചാണ് അംഗീകാരം. ഇതോടെ, ഇക്കോവാഡിസ് റേറ്റിങില്‍ ഉള്‍പ്പെട്ട ഒന്നര ലക്ഷം കമ്പനികളില്‍ ഏറ്റവും മികച്ച ആദ്യ അഞ്ച് ശതമാനത്തില്‍ ഹോട്ട്പാക്കും ഉള്‍പ്പെട്ടു.
ആഗോളതലത്തില്‍ തന്നെ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വവും ബിസിനസിലെ സുസ്ഥിരതയും വിലയിരുത്തുന്ന ഏറ്റവും പ്രമുഖ ഏജന്‍സിയാണ് ഇക്കോവാഡിസ്. പരിസ്ഥിതി സംരക്ഷണം, തൊഴില്‍-മനുഷ്യാവകാശ സംരക്ഷണം, ധാര്‍മ്മികത, സസ്റ്റെയിനബിള്‍ പ്രൊക്യൂര്‍മെന്‍റ് എന്നിങ്ങനെ ഇക്കോവാഡിസിന്‍റെ നാല് സുപ്രധാന മാനദണ്ഡങ്ങള്‍ പ്രകാരം ഹോട്ട്പാക്കിന് നൂറില്‍ 80 ശതമാനം പോയിന്‍റ് നേടാനായി. പെര്‍സെന്‍റയില്‍ സ്‌കോറിങ് 97 ശതമാനമാണ്.
ഈ സ്വര്‍ണ്ണമെഡല്‍ നേട്ടം ഹോട്ട്പാക്കിനെ സംബന്ധിച്ച് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് ഗ്രൂപ്പ് സിഇഒയും മാനേജിങ് ഡയറക്റ്ററുമായ പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. 2024-ല്‍ ഹോട്ട്പാക്കിന് ഇക്കോവാഡിസ് നല്‍കിയിരുന്ന 'കമ്മിറ്റഡ്' റേറ്റിങ്ങില്‍ നിന്ന് സ്വര്‍ണ്ണ മെഡലിലേക്കുള്ള നേട്ടം പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹിക ഉത്തരവാദിത്വത്തിലും കമ്പനി കൈവരിച്ച പുരോഗതി ചൂണ്ടിക്കാട്ടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള തലത്തിലുള്ള ഏജന്‍സികളുടെ സഹകരണത്തോടെ ഹോട്ട്പാക്ക് തങ്ങളുടെ 2024-ലെ സസ്റ്റെയിനബിലിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുകയും കോര്‍പറേറ്റ് കാര്‍ബണ്‍ ഫൂട്ട്പ്രിന്‍റ് അസസ്‌മെന്‍റ് പൂര്‍ത്തിയാക്കുകയും 20 നിര്‍മാണ യൂണിറ്റുകളും ഗ്രൂപ് ലെവല്‍ ഐഎസ്ഒ 9001, ഐഎസ്ഒ 14001, ഐഎസ്ഒ 45001 സര്‍ട്ടിഫിക്കറ്റുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
17 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന, ആഗോളതലത്തില്‍ 4.300 ജീവനക്കാരും 4,000 സുസ്ഥിര ഉത്പന്നങ്ങളുമുള്ള കമ്പനിയാണ് മലയാളിയുടെ ഉടമസ്ഥതയിലുള്ള ഹോട്ട്പാക്ക് ഹോള്‍ഡിങ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്‍റ് ലിമിറ്റഡ്.