ദുബായ്: യുഎയിൽ ഗതാഗത നിയമലംഘനത്തിന് ലഭിച്ച ബ്ലാക്ക് പോയന്‍റുകൾ കുറയ്ക്കാൻ ലളിതമായ മാർഗം നിർദേശിച്ച് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ച് രാജ്യത്ത് സ്കൂളുകൾ തുറക്കുന്ന തിങ്കളാഴ്ച വാഹനമോടിച്ചാൽ മതി, ലൈസൻസിൽ നിന്ന് 4 ബ്ലാക്ക് പോയന്‍റ് റദ്ദാകും.
എന്താണ് ചെയ്യേണ്ടത് ?
യുഎഇ പാസ് ഉപയോഗിച്ച് ആഭ്യന്തര വകുപ്പിന്‍റെ വെബ്‌സൈറ്റിൽ (https://portal.moi.gov.ae/eservices/direct?scode=716%20c=2) ലോഗിൻ ചെയ്യുക. അതിനുശേഷം 7 വ്യവസ്ഥകൾ ഉൾകൊള്ളുന്ന പ്രതിജ്ഞ അംഗീകരിക്കുക. പിന്നെ സ്കൂൾ തുറക്കുന്ന തിങ്കളാഴ്ച അപകടങ്ങൾ ഉണ്ടാക്കാതെ, നിയമ ലംഘനങ്ങൾ ഇല്ലാതെ വാഹനം ഓടിക്കുക. ഇത്രയും ചെയ്താൽ മതി.
പ്രതിജ്ഞയിലെ വ്യവസ്ഥകൾ എന്തെല്ലാം?
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 6 ഗതാഗത നിയമങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
വാഹനം ഓടിക്കുമ്പോൾ മുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കും.
ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകും.
എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കും.
നിരത്തിലെ വേഗപരിധിയെക്കുറിച്ച് ബോധവാനായിരിക്കും.
വാഹനമോടിക്കുമ്പോൾ കൈയിൽ മൊബൈൽ ഫോൺ പിടിച്ച് സംസാരിക്കില്ല.
അടിയന്തര സേവനത്തിനുള്ള വാഹനങ്ങൾ, പോലിസ് വാഹനങ്ങൾ, ഔദ്യോഗിക യാത്രാസംഘങ്ങൾ എന്നിവയ്ക്ക് കടന്നുപോകാൻ ഇടം നൽകും.
ഈ പ്രതിജ്ഞ അംഗീകരിച്ചാൽ ഇതിൽ പങ്കെടുക്കാനുള്ള സർട്ടിഫിക്കറ്റ് ഇ-മെയിലിൽ ലഭിക്കും. എല്ലാം വിജയകരമായാൽ അടുത്ത മാസം 14 ന് ഡ്രൈവറുടെ ലൈസൻസിൽ നിന്ന് 4 ബ്ലാക്ക് പോയന്‍റ് റദ്ദാക്കും. ഉത്തരവാദ ഡ്രൈവിങ്ങ് സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ ഹുസൈൻ അഹമ്മദ് അൽ ഹാരിതി പറഞ്ഞു.
എന്താണ് ബ്ലാക്ക് പോയന്‍റ്
യുഎയിൽ ഗുരുതരമായ ഗതാഗത നിയമ ലംഘനത്തിന് ഡ്രൈവർക്ക് പിഴയോടൊപ്പം നൽകുന്ന ശിക്ഷയാണ് ബ്ലാക്ക് പോയന്‍റ്. ഏറ്റവും കടുത്ത നിയമലംഘനത്തിന് 23 ബ്ലാക്ക് പോയന്‍റ് വരെ ശിക്ഷ ലഭിക്കാം. ഒരു വർഷം 24 ബ്ലാക്ക് പോയന്‍റ് ലഭിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.