ദുബായ്: ദുബായിലെ പ്രമുഖ ആഗോള ജീവകാരുണ്യ പ്രസ്ഥാനമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവിന്‍റെ (എംബിആർജിഐ) ഭാഗമായ ദുബായ് കെയേഴ്സുമായി, വികസ്വര രാജ്യങ്ങളിലെ കുട്ടികളുടെയും യുവാക്കളുടെയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതിയിലെ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ച് ദുബൈയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നായ എച്ച്ആർഇ ഡെവലപ്‌മെന്‍റ്.
വികസ്വര രാജ്യങ്ങളിലെ നിരാലംബരായ കുട്ടികൾക്കും യുവാക്കൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ദുബായ് കെയേഴ്‌സിന്‍റെ ദൗത്യത്തിന് 30 ദശലക്ഷം ദിർഹം സാമ്പത്തിക സംഭാവന നൽകുമെന്ന് അധികൃതർ ദുബൈയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ പറഞ്ഞു.
ദുബൈ ലാൻഡ് ഡിപാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ മർവാൻ ബിൻ ഗലീത, എച്ച്.ആർ.ഇ ഡെവലപ്‌മെന്‍റ് ചെയർമാൻ എഞ്ചി.മുഹമ്മദ് അദിബ് ഹിജാസി, ദുബൈ കെയേഴ്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറും വൈസ് ചെയർമാനുമായ ഡോ. താരിഖ് അൽ ഗുർഗ് എന്നിവരാണ് ചടങ്ങിൽ സംബന്ധിച്ചത്.
ഈ സംഭാവന എച്ച്.ആർ.ഇയുടെ പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റായ 'സ്കൈ ഹിൽസ് ആസ്ട്ര'യുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ സംരംഭത്തിന്‍റെ ഭാഗമായി ദുബൈ കെയേഴ്സിന്‍റെ ആഗോള പ്രതിബദ്ധതയെ പിന്തുണയ്ക്കുന്നതിനായി 'സ്കൈ ഹിൽസ് ആസ്ട്ര'യിലെ ഓരോ അപർട്ട്മെന്‍റ് ഉടമയ്ക്കും വേണ്ടി ഒരു സംഭാവന നൽകുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
സ്വകാര്യ മേഖലയുമായുള്ള സഹകരണം വിദ്യാഭ്യാസ അസമത്വങ്ങൾ പരിഹരിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾ വർധിപ്പിക്കുകയും അധിക വിഭവങ്ങൾ നൽകി ദൗത്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഡോ. താരിഖ് അൽ ഗുർഗ് അഭിപ്രായപ്പെട്ടു.