വിദേശ തൊഴിലാളികൾക്കായി വാതിൽ തുറന്ന് ഹംഗറിയും

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറത്തുനിന്നുള്ള തൊഴിലാളികള്‍ക്കും ഇനി രാജ്യത്ത് 90 ദിവസത്തിനു മുകളില്‍ താമസിക്കാന്‍ അനുമതി ലഭിക്കും
വിദേശ തൊഴിലാളികൾക്കായി വാതിൽ തുറന്ന് ഹംഗറിയും
Image by Freepik
Updated on

ബുഡാപെസ്റ്റ്: വിദേശരാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കായി പ്രത്യേകം തൊഴില്‍ വിഭാഗം സ്ഥാപിക്കുന്ന നിയമനിര്‍മാണവുമായി ഹംഗറി. പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്‍ 47നെതിരേ 135 വോട്ടുകള്‍ക്ക് പാസായി.

പുതിയ നിയമനിര്‍മാണം അനുസരിച്ച്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറത്തുനിന്നുള്ള തൊഴിലാളികള്‍ക്കും ഇനി രാജ്യത്ത് 90 ദിവസത്തിനു മുകളില്‍ താമസിക്കാന്‍ അനുമതി ലഭിക്കും. സാധുവായ യാത്രാരേഖകള്‍, ജീവിതച്ചെലവ് താങ്ങാനുള്ള വരുമാനം, ഉറപ്പുള്ള താമസസ്ഥലം എന്നിവയുള്ളവര്‍ക്കു മാത്രമായിരിക്കും ഇത്തരത്തില്‍ അനുമതി ലഭിക്കുക. സുരക്ഷാ മാനദണ്ഡങ്ങളും കണക്കിലെടുക്കും.

ഇത്തരത്തില്‍ രണ്ടു വര്‍ഷം രാജ്യത്തു തങ്ങാനുള്ള അനുമതിയാണ് വിദേശ തൊഴിലാളികള്‍ക്കു നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇത് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനും സാധിക്കും. മൂന്നു വര്‍ഷം കാലാവധിക്കു ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിച്ചാല്‍ മാനദണ്ഡങ്ങള്‍ പ്രകാരം അനുവദനീയമാണെങ്കില്‍ തുടര്‍ന്നും താമസിക്കാം.

ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് പ്രവേശനം അനുവദിക്കാമെന്നും ഓരോ രാജ്യത്തിനും എത്ര ക്വോട്ട നല്‍കാമെന്നുമുള്ള വിശദാംശങ്ങള്‍ ഉടന്‍ തീരുമാനിക്കും. രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ആവശ്യമുള്ളത്ര എണ്ണം വിദേശ തൊഴിലാളികളെ മാത്രമേ സ്വീകരിക്കൂ എന്ന് ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി സാന്‍ഡോര്‍ സോംബ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

അഭയാർഥികൾക്കെതിരേയും കുടിയേറ്റക്കാർക്കെതിരേയും ഏറ്റവും ശക്തമായ നിലപാടുകൾ സ്വീകരിച്ചു വന്ന യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഹംഗറി. വിക്‌ടർ ഓർബന്‍റെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാരിന്‍റെ നയങ്ങളിൽ അ‍യവ് വരുന്നതിന്‍റെ സൂചനയായി കൂടിയാണ് പുതിയ നിയമ നിർമാണം വിലയിരുത്തപ്പെടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com