
അബുദാബി: യുഎഇയിലെത്തുന്നവർ പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് 'യുഎഇ ഫാസ്റ്റ് ട്രാക്ക്' ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്ന് പൊതുജനങ്ങൾക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) നിർദേശം നൽകി. ഇതിന് മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണെന്നും ഐ സി പി വ്യക്തമാക്കി. “യുഎഇ ഫാസ്റ്റ് ട്രാക്ക്” ആപ്ലിക്കേഷൻ ഉപയോഗിച്ച് കൗണ്ടറുകളിൽ കാത്തുനിൽക്കാതെ സ്മാർട്ട് ഗേറ്റുകൾ വഴി നിമിഷങ്ങൾക്കുള്ളിൽ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു.
ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേയിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. മറ്റ് സേവനങ്ങൾക്കൊപ്പം മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് ഉപയോക്താവിന്‍റെ വിരലടയാളം പകർത്തുന്നത് ഉൾപ്പെടെ നിരവധി നൂതന സവിശേഷതകൾ ആപ്പിൾ ലഭ്യമാണ്. കര-കടൽ - വ്യോമ മാർഗങ്ങളിൽ ഏത് രീതിയിലാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത് എന്ന കാര്യം ആദ്യം വ്യക്തമാക്കണം.
അതിനുശേഷം അവർ രാജ്യത്തേക്ക് പ്രവേശിക്കുന്ന പോർട്ടിന്‍റെ പേരും എത്തിച്ചേരുന്ന തിയതിയും അറിയിക്കണം. ഇത് കഴിഞ്ഞാൽ ആവശ്യമായ രേഖകൾ സ്‌കാൻ ചെയ്യണം. പിന്നീട് സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ച് മുഖവും വിരലടയാളവും പകർത്തേണ്ടതുണ്ട്. അവസാന ഘട്ടത്തിൽ ഇമെയിൽ വിലാസം, മൊബൈൽ ഫോൺ നമ്പർ, രാജ്യത്തിനുള്ളിലെ വിലാസം, തൊഴിൽ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി ആപ്ലിക്കേഷൻ പൂർത്തിയാക്കണം.