
ദുബായ്: ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഐസിപിയുടെ വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും യുഎഇ സന്ദർശക വിസ ലഭ്യമാവുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി അധികൃതർ അറിയിച്ചു. യു എ ഇ പൗരമാർക്കും താമസക്കാർക്കും ഓൺലൈൻ വഴി അപേക്ഷ നൽകാം.30 മുതൽ 90 ദിവസം വരെയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകൾ ലഭ്യമാണ്. വിസ ലഭിച്ചു കഴിഞ്ഞാൽ പ്രവേശനത്തിന് 60 ദിവസം വരെ സാധുതയുണ്ട്താ. ആവശ്യമെങ്കിൽ കാലാവധി നീട്ടാനും സാധിക്കും.
ഉപയോക്താക്കൾക്ക് തങ്ങളുടെ ഡിജിറ്റൽ ഐഡന്‍റിറ്റി ഉപയോഗിച്ച് അതോറിറ്റിയുടെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്ലിക്കേഷനിലോ ലോഗിൻ ചെയ്‌ത് ആവശ്യമുള്ള വിസയും കാലാവധിയും തിരഞ്ഞെടുത്ത് അവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാം. വിസയ്ക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകർക്ക് ആറ് മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. യാത്രാ ടിക്കറ്റ്, സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ് എന്നിവയും വേണം. വിസ കൈവശമുള്ള വ്യക്തി യുഎഇ യിലെ താമസക്കാരന്റെ സുഹൃത്തോ അടുത്ത ബന്ധുക്കളോ ആയിരിക്കണം.സന്ദർശകൻ അതോറിറ്റി തരംതിരിച്ച പ്രകാരം ഒന്നാം അല്ലെങ്കിൽ രണ്ടാം ലെവൽ ജോലി ചെയ്യുന്ന വ്യക്തിയായിരിക്കണം എന്നും അധികൃതർ നിഷ്കർഷിക്കുന്നു.
യു എ ഇ യിലെ താമസക്കാരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒന്നിച്ചുകൊണ്ടുവരുന്നതിനാണ് ഈ വിസ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. യുഎഇ സന്ദർശിക്കുന്നതിന് സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിക്കാൻ ഈ സംരംഭം വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുകയോ രാജ്യം വിടുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.