ദുബായിൽ ആദ്യ ഇലക്ട്രിക് വാഹനമേള, പങ്കെടുക്കുന്നത് 300ലേറെ കമ്പനികൾ

നവംബർ 10 മുതൽ 12 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും
dubai international electric vehicle exhibition

ദുബായിൽ ആദ്യ ഇലക്ട്രിക് വാഹനമേള, പങ്കെടുക്കുന്നത് 300ലേറെ കമ്പനികൾ

Updated on: 

ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌‌പോർട്ട് അതോറിറ്റി സംഘടിപ്പിക്കുന്ന പ്രഥമ ദുബായ് ഇന്റർനാഷനൽ ഇലക്ട്രിക് വെഹിക്കിൾ എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് നവംബർ 10 മുതൽ 12 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.

300-ലേറെ പ്രാദേശിക, രാജ്യാന്തര കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കുന്ന മേളയിൽ ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി സാങ്കേതികവിദ്യ, അതിവേഗ ചാർജിങ് സംവിധാനങ്ങൾ, ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യ, സ്വയം നിയന്ത്രിത വാഹനങ്ങൾ, നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ഗതാഗത സംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിക്കും. 70-ലേറെ വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ സുസ്ഥിര ഗതാഗതത്തിന്റെ ഭാവിയും പുതിയ സാങ്കേതികവിദ്യകളും ചർച്ചയാകും.

10,000-ലേറെ വ്യവസായ വിദഗ്ധരും സന്ദർശകരും പ്രദർശനത്തിന്റെ ഭാഗമാകും. ടാക്സി, ലിമോസിൻ, ബസ്, ജലഗതാഗതം തുടങ്ങിയ മേഖലകളെ ഇലക്ട്രിക്, ഹൈഡ്രജൻ സംവിധാനങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതികൾ ദുബായ് നടപ്പാക്കുന്ന സാഹചര്യത്തിലാണ് മേള പ്രസക്തമാവുന്നത്. രാജ്യാന്തര സഹകരണങ്ങളിലൂടെ ഇലക്ട്രിക്, സ്മാർട്ട് ഗതാഗത രംഗത്ത് ദുബായുടെ സ്ഥാനം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്‌‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com