

വീട്ടുജോലിക്കാരുടെ അനധികൃത റിക്രൂട്ട്‌മെന്‍റ്; ഇരുന്നൂറോളം അക്കൗണ്ടുകൾ പൂട്ടിച്ച് യുഎഇ
ദുബായ്: ലൈസൻസില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്‍റ് ഏജൻസി നടത്തുകയും പരസ്യം നൽകുകയും ചെയ്ത ഇരുന്നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ യുഎഇ അധികൃതർ പൂട്ടിച്ചു. 2026ന്‍റെ ആദ്യ പകുതിയിലാണ് വഞ്ചനാപരമായ ഇത്തരം അക്കൗണ്ടുകൾക്കെതിരേ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചത്.
ലൈസൻസില്ലാത്ത ഏജൻസികൾ വഴിയോ സോഷ്യൽ മീഡിയ പരസ്യങ്ങൾ കണ്ടോ വീട്ടുജോലിക്കാരെ നിയമിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫീസുകളോ മറ്റ് പണമിടപാടുകളോ നടത്തുന്നതിന് മുൻപ് പരസ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും നിശ്ചിത അംഗീകാരവും ലൈസൻസും പരിശോധിച്ച് ഉറപ്പുവരുത്തണം. മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക റിക്രൂട്ട്‌മെന്‍റ് ഓഫീസുകൾ (തദ്ബീർ കേന്ദ്രങ്ങൾ ഉൾപ്പെടെ) വഴി മാത്രം സേവനങ്ങൾ ലഭ്യമാക്കാനാണ് നിർദ്ദേശം.
ലൈസൻസുള്ള ഏജൻസികൾ വഴി ജോലിക്കാരെ എടുക്കുമ്പോൾ തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ നിയമപരമായ സുരക്ഷയും സുതാര്യമായ കരാറുകളും ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വ്യാജ പരസ്യങ്ങളോ അനധികൃത റിക്രൂട്ട്‌മെന്‍റുകളോ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന ടോൾ ഫ്രീ നമ്പർ മുഖേനെ മന്ത്രാലയത്തെ അറിയിക്കാമെന്ന് അധികൃതർ പറഞ്ഞു.