

ഷാർജ മിയാമി റീഡേഴ്സ് ഫോറം ഉദ്ഘാടനം
ഷാർജ: ഷാർജയിലെ പുസ്തകപ്രേമികളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട മിയാമി റീഡേഴ്സ് ഫോറത്തിന്‍റെയും, മിനി ലൈബ്രറിയുടെയും ഉദ്ഘാടനം ഷാർജ ബുക്ക് അഥോറിറ്റി എക്സ്റ്റേണൽ അഫ്‌യേഴ്‌സ് എക്സിക്യൂട്ടീവ് പി.വി മോഹൻ കുമാർ നിർവഹിച്ചു.
ഷാർജ റോളയിൽ കോർണിഷ് റോഡിലുള്ള മിയാമി അപ്പാർട്ട്മെന്‍റിൽ ആണ് റീഡേഴ്സ് ഫോറം സ്റ്റേ വിത്ത് ബുക്സ് എന്ന ആശയത്തോടെ ലൈബ്രറി ഒരുക്കിയിട്ടുള്ളത്. ഉദ്‌ഘാടന ചടങ്ങിന് ശേഷം ഷാജി നാരായണൻ എഴുതിയ 'ഒറ്റ കമ്പാർട്ട്മെന്‍റുള്ള തീവണ്ടി 'എന്ന പുസ്തകത്തിന്‍റെ ചർച്ചയും നടന്നു.
കെ. രഘുനന്ദനൻ ആമുഖ ഭാഷണം നടത്തി. കഥാകൃത്ത് അജിത് വള്ളോലി പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരായ മുജീബ് മുസാഫിർ, ഗീത മോഹൻ, മജീദ് തിരൂർ, സന്ദീപ് വള്ളിക്കുന്ന് എന്നിവർ പുസ്തക ചർച്ചയിൽ പങ്കാളികളായി. മിയാമി റീഡേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും രണ്ടു ഞായറാഴ്ചകളിൽ പ്രവാസി എഴുത്തുകാരുടെ തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ ചർച്ചയും മുഖാമുഖവും ഒരുക്കുമെന്ന് റീഡേഴ്സ് ഫോറം കോർഡിനേറ്റർ ബിജു മിയാമി അറിയിച്ചു.