
മിഡിലീസ്റ്റിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഇന്ത്യ ഉത്സവിന് തുടക്കം: പ്രവാസികൾക്കായി 17000 കോടി രൂപയുടെ ഇന്ത്യൻ ഉത്പന്നങ്ങൾ
അബുദാബി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ സംസ്കാരിക വൈവിധ്യവും രുചിപ്പെരുമയും വിളംബരം ചെയ്യുന്ന ഇന്ത്യ ഉത്സവിന് മിഡിൽ ഈസ്റ്റിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ തുടക്കമായി. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഇന്ത്യ ഉത്സവിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് കൗൺസിലർ രോഹിത് മിശ്ര, ഇക്കണോമിക് അഫേഴ്സ് ഫസ്റ്റ് സെക്രട്ടറി ധർമ്മ് സിംഗ് മീണ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ ഉത്പന്നങ്ങളുടെ മികവ് ലോകത്തെ അറിയിക്കുന്നതിൽ ലുലുവും എം.എ. യൂസഫലിയും വഹിക്കുന്ന പങ്ക് പ്രശംസനീയമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ ക്യാംപയ്‌ന് കരുത്തുപകരുന്നതാണ് ലുലുവിന്‍റെ പ്രവർത്തനമെന്നും, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മികച്ച വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
ഗുണമേന്മയുള്ള ഇന്ത്യൻ ഉത്പന്നങ്ങൾ മിഡിൽ ഈസ്റ്റിൽ കൂടുതൽ ലഭ്യമാക്കുകയാണ് ലുലുവെന്നും ഈ വർഷം 17000 കോടി രൂപയുടെ (2 ബില്യൺ ഡോളർ) ഇന്ത്യൻ ഉത്പന്നങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും എം.എ. യൂസഫലി വ്യക്തമാക്കി. നിലവിൽ 9130 കോടി രൂപയുടെ ( 1.1 ബില്യൺ ഡോളറിന്‍റെ) ഉത്പന്നങ്ങളുമായി, മിഡിൽ ഈസ്റ്റിലേക്ക് ഏറ്റവും കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഗ്രൂപ്പുകളിലൊന്നാണ് ലുലു.
ഗ്രോസറി, പഴം പച്ചക്കറി ഉത്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, റെഡി ടു കുക്ക് ഉത്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവിന്‍റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഓർഗാനിക് ഉത്പന്നങ്ങൾ, മില്ലറ്റ്സ്, മധുരപലഹാരങ്ങൾ, ജ്യൂസുകൾ തുടങ്ങിയവയും ഉത്സവിന്‍റെ ഭാഗമായുണ്ട്.
ലുലു സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്റ്റർ എം.എ. അഷറഫ് അലി, ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ വി.ഐ. സലിം, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറ്ക്റ്റർ വി. നന്ദകുമാർ, ലുലു ഇന്‍റർനാഷ്ണൽ ഹോൾഡിങ്സ് ഡയറക്‌റ്റർ എ.വി. ആനന്ദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.