Summary of India - GCC relation
ഇന്ത്യ - ജിസിസി ബന്ധത്തിന്‍റെ സംഗ്രഹം

ഇന്ത്യ - ജിസിസി ബന്ധത്തിന്‍റെ സംഗ്രഹം

ഇന്ത്യയും ഗൾഫും തമ്മിലുള്ള സാംസ്കാരികബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ചരിത്രപരമായി ഉഭയകക്ഷിബന്ധങ്ങളുടെ അടിത്തറയാണ്.

അവലോകനം: അറബിക്കടലിനാൽ മാത്രം വേർതിരിക്കപ്പെട്ട ഇന്ത്യയുടെ 'വിപുലമായ' അയൽപക്കമാണു ഗൾഫ്. ഗൾഫ് രാജ്യങ്ങൾ (ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവ) ഇന്ത്യയുടെ പ്രധാന വ്യാപാര-നിക്ഷേപ പങ്കാളികളായി ഉയർന്നുവന്നിട്ടുണ്ട്. ജിസിസി രാജ്യങ്ങൾ മൊത്തത്തിൽ ഏകദേശം 9 ദശലക്ഷം ഇന്ത്യൻ പൗരന്മാർക്ക് ആതിഥേയത്വം വഹിക്കുന്നു. മാത്രമല്ല, ഇന്ത്യയും ഗൾഫും തമ്മിലുള്ള സാംസ്കാരികബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ചരിത്രപരമായി ഉഭയകക്ഷിബന്ധങ്ങളുടെ അടിത്തറയാണ്.

രാഷ്ട്രീയ ബന്ധങ്ങൾ: ജിസിസിയിലെ എല്ലാ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ മികച്ച ബന്ധം ഇന്ത്യയും ഗൾഫ് രാജ്യങ്ങളും നേതൃതലത്തിലും മന്ത്രിതലത്തിലും നിരന്തരം നടത്തുന്ന ഉന്നതതല സന്ദർശനങ്ങളിൽ പ്രതിഫലിക്കുന്നു. 2014 മെയ് മാസം മുതൽ ഗൾഫ് രാജ്യങ്ങളിൽ 14 സന്ദർശനങ്ങൾ പ്രധാനമന്ത്രി പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ യുഎഇയിലേക്കുള്ള ഏഴു സന്ദർശനങ്ങളും, സൗദി അറേബ്യയിലേക്കും ഖത്തറിലേക്കുമുള്ള രണ്ടു സന്ദർശനങ്ങളും, ഒമാനിലേക്കും ബഹ്‌റൈനിലേക്കും കുവൈറ്റിലേക്കുമുള്ള ഓരോ സന്ദർശനവും ഉൾപ്പെടുന്നു.

2025 ഫെബ്രുവരി 17നും 18നും ഖത്തർ അമീർ രണ്ടാം ഇന്ത്യാസന്ദർശനം നടത്തി. പ്രധാനമന്ത്രി 2024 ഡിസംബറിലാണു കുവൈറ്റ് സന്ദർശിച്ചത്. 43 വർഷത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ കുവൈറ്റ് സന്ദർശനമായിരുന്നു അത്. 2024 ജനുവരിയിൽ യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, 2023 ഡിസംബറിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, 2023 സെപ്റ്റംബറിൽ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ സന്ദർശനങ്ങൾക്കും ഇന്ത്യ അടുത്തിടെ ആതിഥേയത്വം വഹിച്ചു.

യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളുമായി ഇന്ത്യക്കു തന്ത്രപരമായ പങ്കാളിത്തമുണ്ട്. ജിസിസി ചട്ടക്കൂടിനുകീഴിലും ഇന്ത്യയും ജിസിസി രാജ്യങ്ങളും സഹകരിക്കുന്നു.

തന്ത്രപരമായ സംഭാഷണത്തിനായുള്ള ആദ്യ ഇന്ത്യ-ജിസിസി മന്ത്രിതല യോഗം 2024 സെപ്റ്റംബറിൽ റിയാദിൽ വിദേശകാര്യ മന്ത്രിതലത്തിൽ നടന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അതിൽ പങ്കെടുത്തിരുന്നു. വ്യാപാരവും നിക്ഷേപവും, സുരക്ഷ, ഊർജം, ആരോഗ്യം, കൃഷി, ഭക്ഷ്യസുരക്ഷ, ഗതാഗതം, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ഉൾക്കൊള്ളുന്ന ഇന്ത്യ-ജിസിസി സംയുക്ത കർമപദ്ധതിക്കു യോഗം അംഗീകാരമേകി.

വ്യാപാരവും നിക്ഷേപവും: ജിസിസി രാജ്യങ്ങളുമായുള്ള നമ്മുടെ ഉഭയകക്ഷിവ്യാപാരം 2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 162 ശതകോടി അമേരിക്കൻ ഡോളറായിരുന്നു. ഇതു നമ്മുടെ ഏറ്റവും വലിയ പ്രാദേശിക വ്യാപാരപങ്കാളികളിൽ ഒന്നാക്കി ഈ മേഖലയെ മാറ്റി. മേഖലയുടെ കാര്യത്തിലുള്ള ഇറക്കുമതി മൂല്യം 105.9 ശതകോടി അമേരിക്കൻ ഡോളറും കയറ്റുമതിമൂല്യം 56.3 ശതകോടി അമേരിക്കൻ ഡോളറുമാണ്.

പെട്രോളിയവും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുമാണു ജിസിസി രാജ്യങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി ഇനങ്ങൾ. ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും, ആഭരണങ്ങൾ, സിന്തറ്റിക് ഫൈബർ, നൂൽ, തുണിത്തരങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്യുന്ന പ്രധാന ഇനങ്ങൾ. വ്യാപാരസഞ്ചയത്തിന്‍റെ വൈവിധ്യവൽക്കരണത്തിന് ഊന്നൽ നൽകി, നമ്മുടെ വ്യാപാരബന്ധങ്ങൾ വികസിക്കുകയാണ്. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2022 ഫെബ്രുവരി 18ന് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുകയും 2022 മെയ് ഒന്നിന് ഔദ്യോഗികമായി പ്രാബല്യത്തിൽ വരികയും ചെയ്തു.

ജിസിസി രാജ്യങ്ങളും ഇന്ത്യയിലേക്കു ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്; പ്രത്യേകിച്ച് അവരുടെ പരമാധികാര സ്വത്തു ഫണ്ടുകളിലൂടെ.

2023 സെപ്റ്റംബർ 9നും 10നും ന്യൂഡൽഹിയിൽ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയോടനുബന്ധിച്ച് പുതിയ ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴി (IMEEC) വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ യുഎഇയും സൗദി അറേബ്യയും ഒപ്പുവച്ചു. ഇന്ത്യയെ ഗൾഫുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴി, ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴി എന്നിങ്ങനെ രണ്ടു പ്രത്യേക ഇടനാഴികൾ ഇതിൽ ഉൾപ്പെടും. നിലവിലുള്ള സമുദ്ര-റോഡ് ഗതാഗത പാതകൾക്ക് അനുബന്ധമായി വിശ്വസനീയവും ചെലവുകുറഞ്ഞതുമായ അതിർത്തികടന്നുള്ള കപ്പൽ-റെയിൽ ഗതാഗതശൃംഖല ഒരുക്കുന്ന റെയിൽപ്പാതയും ഇതിൽ ഉൾപ്പെടും. ഈ രാജ്യങ്ങൾക്കിടയിലെ ചരക്കു- സേവന നീക്കം ഇതു പ്രാപ്തമാക്കുന്നു.

ഇന്ത്യ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEEC) പ്രവർത്തനത്തിനുള്ള സഹകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (UAE) തമ്മിൽ 2024 ഫെബ്രുവരി 13നു ഗവണ്മെന്‍റുകൾ തമ്മിലുള്ള ചട്ടക്കൂടു കരാർ (IGFA) ഒപ്പുവച്ചു. ഡിജിറ്റൽ ആവാസവ്യവസ്ഥ ഉൾപ്പെടെയുള്ള ചരക്കുനീക്ക സംവിധാനത്തിന്‍റെ വികസനവും പരിപാലനവും, IMEEC പ്രാപ്തമാക്കുന്നതിനായി എല്ലാത്തരം പൊതുചരക്കുകളും ബൃഹദ് കണ്ടെയ്നറുകളും ദ്രവീകൃത സാമഗ്രികളടങ്ങുന്ന ബൃഹത്തായ കണ്ടെയ്നറുകളും കൈകാര്യം ചെയ്യുന്നതിനുള്ള വിതരണശൃംഖലാ സേവനങ്ങൾ എന്നിവ ചട്ടക്കൂടിന്‍റെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടുന്നു. IMEEC ഉദ്യമത്തിനു കീഴിലുള്ള ആദ്യ കരാറാണിത്.

ഊർജം: ഗൾഫ് രാജ്യങ്ങളുമായി കരുത്തുറ്റ ഊർജപങ്കാളിത്തമാണ് ഇന്ത്യക്കുള്ളത്. 2023-24 സാമ്പത്തിക വർഷത്തിൽ, ജിസിസി രാജ്യങ്ങളുമായുള്ള മൊത്തം ഹൈഡ്രോകാർബൺ വ്യാപാരം 71 ശതകോടി അമേരിക്കൻ ഡോളറായിരുന്നു. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ഊർജപങ്കാളിത്തത്തെ വാങ്ങുന്നവർ-വിൽപ്പനക്കാർ എന്ന നിലയിൽനിന്നു കൂടുതൽ സമഗ്രമായ ബന്ധത്തിലേക്കു പരിവർത്തനം ചെയ്യാനും ഇന്ത്യ പ്രവർത്തിക്കുന്നു. സൗരോർജവും ഹരിത ഹൈഡ്രജനും ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജത്തിൽ നാം ഗൾഫ് രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയാണ്.

പ്രതിരോധവും സുരക്ഷയും: ഉന്നതതല സന്ദർശനങ്ങൾ, ഉഭയകക്ഷി പരിശീലനങ്ങൾ, കപ്പൽ പരിശോധനകൾ, പരിശീലനം, പ്രദർശനങ്ങളിലെ പങ്കാളിത്തം എന്നിവയിലൂടെ ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പ്രതിരോധ- സുരക്ഷാ ബന്ധം തുടർച്ചയായി വികസിക്കുന്നു. ഭീകരവാദവിരുദ്ധ പ്രവർത്തനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കൽ, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിലും സഹകരണം വികസിക്കുകയാണ്. സമീപവർഷങ്ങളിൽ ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ നിരവധി ഉന്നതതല പ്രതിരോധ സന്ദർശനങ്ങൾ നടന്നിട്ടുണ്ട്.

ഇന്ത്യൻ സമൂഹം: ഏകദേശം 9 ദശലക്ഷം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ വസിക്കുന്നു. ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾ ആ മേഖലയുടെ വികസനത്തിനു നൽകുന്ന സംഭാവനകളുടെ പേരിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കഠിനാധ്വാനം, നിയമം പാലിക്കൽ, സമാധാനപരമായ പ്രകൃതം എന്നിവയുടെ കാര്യത്തിലും പ്രവാസികൾ വിലമതിക്കപ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com