ഓർമകൾ നഷ്ടമായി 9 മാസത്തോളം അനാഥനായി ഇന്ത്യൻ ഡോക്ടർ; ഒടുവിൽ കനിവിന്‍റെ തണലിൽ നാട്ടിലേക്കു മടക്കം

ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെയും നിതാന്തമായ പരിശ്രമത്തിനൊടുവിൽ നാട്ടിലേക്കു മടക്കി അയച്ചു
Indian doctor returns home after for 9 months of losing memories

ഓർമകൾ നഷ്ടമായി 9 മാസത്തോളം അനാഥനായി ഇന്ത്യൻ ഡോക്ടർ; ഒടുവിൽ കനിവിന്‍റെ തണലിൽ നാട്ടിലേക്കു മടക്കം

Updated on

റോയ് റാഫേൽ

ഷാർജ: ഓർമകളും ജീവിതവും നഷ്ടമായി ഒൻപത് മാസത്തോളം ഷാർജയിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യൻ ഡോക്ടർ ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെയും നിതാന്തമായ പരിശ്രമത്തിനൊടുവിൽ ബുധൻ പുലർച്ചെ ജന്മനാട്ടിൽ ഉറ്റവരുടെ അടുത്തേക്ക് മടക്കം. കാശ്മീർ സ്വദേശിയായ ഡോ. റാഷിദ് അൻവർ ധർ എന്ന പ്രവാസിയാണ് ഓർമകൾ വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിലും കുടുംബത്തിന്‍റെ ആശ്വാസ തണലിലേക്ക് തിരിച്ചെത്തുന്നത്.

മാസങ്ങൾക്കു മുൻപ് ആശുപത്രി വേഷത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇദ്ദേഹത്തെ അസോസിയേഷൻ ഭാരവാഹികൾ കണ്ടെത്തുന്നത്. കൈയിൽ പാസ്പോർട്ടില്ല, ഓർമകളിൽ പേരോ നാടോ ഇല്ല. ആകെയുള്ളത് ഡോക്ടർ ആണെന്ന അവ്യക്തമായ ഒരോർമ മാത്രം. തുടർന്ന് ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് നിലക്കാത്ത അന്വേഷണങ്ങൾ. നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിലാണ് കാശ്മീരിലെവിടെയോ ഉള്ള ഒരു ഗ്രാമത്തിലാണ് റാഷിദ് അൻവർ ധറിന്‍റെ കുടുംബം എന്നറിയുന്നത്.

ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ,ഡെപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേൽ,കോൺസൽ പബിത്ര കുമാർ എന്നിവരുടെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്‍റെ കുടുംബത്തെ കണ്ടെത്താൻ സാധിച്ചതെന്ന് ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് എന്നിവർ പറഞ്ഞു. ഇവരുടെ ശ്രമഫലമായി പകരം പാസ്പോർട്ട് നൽകുകയും ചെയ്തു. ഇതോടെയാണ് മടക്ക യാത്ര സാധ്യമായത്.

88 വയസു പിന്നിട്ട റാഷിദിനെ ഏതാണ്ട് 9 മാസക്കാലം സ്വന്തം കുടുംബാംഗത്തെ പോലെ ശുശ്രൂഷിച്ച മുസ്തഫ, അയ് മൻ അവസാനം വരെ കൂടെ നിന്ന ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ ഭാരവാഹികൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ അസോസിയേഷൻ പി ആർ ഒ ശ്രീഹരി തുടങ്ങിയവർ ഇക്കാര്യത്തിൽ നൽകിയ പിന്തുണ വലുതായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. യാത്രയിൽ അസോസിയേഷൻ മാനേജിങ്ങ് കമ്മിറ്റി അംഗം പ്രഭാകരൻ അദ്ദേഹത്തെ അനുഗമിച്ചു. ഓർമകൾ മറഞ്ഞെങ്കിലും മനുഷ്യത്വവും സാഹോദര്യവും മറക്കാത്ത മനുഷ്യരുടെ കാരുണ്യത്തിൽ എത്ര കാലം ജീവിച്ചുവെന്ന് പോലും നിശ്ചയമില്ലാത്ത പ്രവാസ നാട്ടിൽ നിന്ന് ജന്മ നാട്ടിലേക്ക് ഒരു യാത്ര.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com