

ദുബൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്‍റെ (ഐ.ഐ.എഫ്.ടി) ആദ്യ വിദേശ ക്യാംപസ് അടുത്ത വർഷം ആദ്യം ദുബൈയിൽ തുറക്കുമെന്ന് ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. ദുബൈ എക്‌സ്‌പോ സിറ്റിയിലെ ഇന്ത്യ പവലിയനിലാണ് ക്യാംപസ് പ്രവർത്തിക്കുക. ഹ്രസ്വ-ഇടത്തരം പരിശീലന പരിപാടികളും ഗവേഷണ അവസരങ്ങളും ഈ ക്യാമ്പസിൽ ഉണ്ടാകും.
രാജ്യാന്തര ബിസിനസ്സിൽ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) തുടങ്ങുക എന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ഐ.ഐ.എഫ്.ടിയുടെ പുതിയ ദുബൈ ക്യാംപസ് യു.എ.ഇയിൽ നിന്ന് മാത്രമല്ല, അന്താരാഷ്ട്ര വ്യാപാരത്തിൽ പരിശീലനവും ഗവേഷണ സാധ്യതകളും തേടുന്ന ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും ആകർഷിക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
അത്യാധുനിക ഗവേഷണവും പരിശീലനവുമുള്ള ഒരു ലോകോത്തര സ്ഥാപനമായി ദുബായ് ഐ.ഐ.എഫ്.ടിയെ മാറ്റുമെന്ന് വൈസ് ചാൻസലർ രാകേഷ് മോഹൻ ജോഷി പറഞ്ഞു. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായി 1963ൽ നിലവിൽ വന്ന ഈ സ്ഥാപനത്തിന് ഡീംഡ് യൂണിവേഴ്സിറ്റി പദവിയുണ്ട്.