
ബിഎൽഎസിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിലക്ക്
ദുബായ്: വിവിധ രാജ്യങ്ങളിലെ സർക്കാറുകൾക്കുവേണ്ടി വീസ, പാസ്‌പോർട്ട് ഔട്ട്‌സോഴ്സിങ് നടത്തുന്ന രാജ്യാന്തര കമ്പനിയായ ബിഎൽഎസ് ഇന്‍റർനാഷനൽ സർവീസസിനെ പുതിയ ഇന്ത്യൻ മിഷൻ കരാറുകളിൽ പങ്കെടുക്കുന്നതിൽ നിന്നു രണ്ടു വർഷത്തേക്ക് വിദേശകാര്യ മന്ത്രാലയം (എംഇഎ) വിലക്കി. അപേക്ഷകരിൽ നിന്നുള്ള പരാതികളും കോടതി കേസുകളും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉത്തരവിന് പിന്നിൽ.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഎൽഎസ് ഇന്‍റർനാഷനലിന് യുഎഇ ഉൾപ്പെടെ 19 രാജ്യങ്ങളിൽ ഇന്ത്യൻ വീസ, പാസ്‌പോർട്ട് കേന്ദ്രങ്ങളുണ്ട്. ഈ വിലക്ക് നിലവിലുള്ള കരാറുകളെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ഉത്തരവ് വിലയിരുത്തി നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. നിലവിലുള്ള പ്രോജക്റ്റുകളും കരാറുകളും ഇപ്പോഴത്തെ വ്യവസ്ഥകൾക്ക് അനുസരിച്ച് തുടരുമെന്ന് മന്ത്രാലയം പ്രത്യേകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇതുപ്രകാരം യുഎഇയിലെ 12 ബിഎൽഎസ് കേന്ദ്രങ്ങൾ സാധാരണപോലെ പ്രവർത്തിക്കും. പുതിയ ടെൻഡറുകൾക്ക് മാത്രമാണ് വിലക്ക് ബാധകം. അതിനാൽ, യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വീസ, അറ്റസ്റ്റേഷൻ സേവനങ്ങൾ തടസമില്ലാതെ തുടരും.
യുഎഇ, സൗദി, സ്പെയിൻ, പോളണ്ട്, യുഎസ് തുടങ്ങി 19 രാജ്യങ്ങളിലായി 58 ഓഫിസുകളിലൂടെ ബിഎൽഎസ് ഇന്ത്യൻ മിഷനുകൾക്ക് സേവനം നൽകുന്നുണ്ട്. പ്രതിവർഷം 1.7 ദശലക്ഷത്തിലധികം അപേക്ഷകൾ കമ്പനി കൈകാര്യം ചെയ്യുന്നു.