

ബബിൽജിത്ത് കൗർ
വാഷിങ്ടൺ: മൂന്നു പതിറ്റാണ്ടിലേറെയായി യുഎസിൽ താമസിക്കുന്ന ഇന്ത്യൻ വംശജയെ ഗ്രീൻ കാർഡിനു വേണ്ടിയുള്ള അഭിമുഖത്തിനിടെ അമെരിക്കൻ അധികൃതർ അറസ്റ്റ് ചെയ്തു. ബെൽമോണ്ട് ഷോറിൽ ഭർത്താവിനൊപ്പം റസ്റ്ററന്‍റ് നടത്തുന്ന അറുപതുകാരി ബബിൽജിത്ത് കൗറിനെയാണ് തടവിലാക്കിയത്. അഭിമുഖത്തിന്‍റെ അവസാനഘട്ടത്തിൽ ബയോമെട്രിക് സ്കാൻ അപ്പോയിന്‍റ്മെന്‍റിനെത്തിയപ്പോഴാണു കസ്റ്റഡിയിലെടുത്തതെന്ന് മകൾ ജ്യോതി.
യുഎസിലേക്കു കുടിയേറിയ കൗർ കുടുംബം തുടക്കത്തിൽ ലഗുണ ബീച്ചിലായിരുന്നു. ആദ്യം താമസിച്ചിരുന്നത്. പിന്നീടാണു ബെൽമോണ്ട് ഷോറിലേക്കു മാറിയത്. കൗറിനു മൂന്നു മക്കളാണുള്ളത്. മുപ്പത്തിനാലുകാരിയായ ജ്യോതി അമെരിക്കയിൽ ജനിച്ചതിനാൽ പൗരത്വം ലഭിച്ചു. ഇവരുടെ മൂത്ത സഹോദരനും സഹോദരിയും യുഎസ് പൗരന്മാരാണ്.
ബബിൽജി കൗറിനെ എങ്ങോട്ടേക്കാണ് അധികൃതർ മാറ്റിയതെന്നതിൽ മണിക്കൂറുകളോളം കുടുംബത്തിന് വിവരം ലഭിച്ചിരുന്നില്ല. മുൻ ഫെഡറൽ ജയിലായിരുന്ന അഡെലാന്‍റോയിലേക്കു കൊണ്ടുപോയതായി പിന്നീട് അറിയിച്ചു. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചകൾക്ക് നിയന്ത്രിത സമയമാണുള്ളതെന്നും മനുഷ്യത്വരഹിതമായ നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും ജ്യോതി ആരോപിച്ചു.
കൗറിനെ മോചിപ്പിക്കണമെന്നു ലോങ് ബീച്ചിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധി റോബർട്ട് ഗാർഷ്യ ആവശ്യപ്പെട്ടു. തന്‍റെ ഓഫിസ് ഈ വിഷയത്തിൽ ഇടപെട്ടെന്നും ഗാർഷ്യ.